കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സമീപത്തെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് പരിശോധന നടത്തുകയാണ്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല.

ഒരു ദിവസം പ്രായമായ ആൺകുഞ്ഞിൻ്റെ മൃതദേഹമാണ് റോഡിൽ ഉപേക്ഷിച്ച നിലയൽ കണ്ടെത്തിയത്. 8.10നും 8.20നും ഇടയിലായാണ് കുഞ്ഞിൻ്റെ മൃതദേഹം ഫ്ലാറ്റിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. ആ സമയം ഒരു എസ് യുവി ഇതുവഴി പോകുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകി.

കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റിന് മറുവശത്തുള്ള സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സാധനം വീഴുന്നത് കണ്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ ഓടിച്ചെന്ന് നോക്കിയത്. ആദ്യം ഒരു പാവയാണെന്നായിരുന്നു വിചാരിച്ചിരുന്നത്. പിന്നീടാണ് അത് ഒരു കുഞ്ഞാണെന്ന് മനസിലായത്. പിന്നാലെ എല്ലാവരേയും അറിയിക്കുകയായിരുന്നു. എസിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയാണ്. ഏഴ് നിലകളുള്ള ഫ്ലാറ്റിൽ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്നാണ് കരുതുന്നത്. ഏത് നിലയിൽ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല.

Be the first to comment

Leave a Reply

Your email address will not be published.


*