പത്രപരസ്യത്തിലെ ചട്ടലംഘനം; ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല, നിയമപരമായ വശങ്ങൾ ഉണ്ടെങ്കിൽ ആലോചിക്കാം; പി സരിൻ

പത്രപരസ്യ വിവാദത്തിൽ പ്രതികരിച്ച് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിൻ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുതന്നെയാണ് നിൽക്കുന്നത്. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. നിയമപരമായി സ്ഥിരീകരിക്കുന്ന സമയത്ത് നിയമവഴികൾ ആലോചിക്കാമെന്ന് പി സരിൻ പറഞ്ഞു. യുഡിഎഫ് ഏറ്റെടുക്കുന്നതല്ല, ജനങ്ങൾ ഏറ്റെടുക്കുന്നതാണ് തിരഞ്ഞെടുപ്പ് വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളിൽ വന്ന പരസ്യമാണ് ഇപ്പോൾ വിവാദമാകുന്നത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം. എന്നാൽ സുപ്രഭാതം പത്രത്തിലെ പാലക്കാട് എഡിഷനിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യവുമായി ഒരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊ കെ ആലിക്കുട്ടി മുസ്‌ലിയാർ, എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്ന പാരമ്പര്യം സമസ്തക്ക് ഇല്ലെന്നും നേതാക്കൾ പറഞ്ഞു. വാർത്ത കുറിപ്പിൽ ആണ് സമസ്തയുടെ വിശദീകരണം.

അതേസമയം, പരസ്യം പ്രസിദ്ധീകരിക്കാൻ എൽഡിഎഫ് അനുമതി തേടിയിട്ടില്ലെന്നാണ് കണ്ടെത്തൽ.  എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്. സംഭവത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകി. വിഷയത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും നോട്ടീസ് അയയ്ക്കുമെന്നാണ് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചിരിക്കുന്നത്. പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിട്ടില്ല എന്നത് കൊണ്ടു തന്നെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെയും വിഷയം ധരിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*