
കോട്ടയം: കൊല്ലം – തേനി ദേശീയപാത 183 കടന്നു പോകുന്ന കോട്ടയം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും അപകടമേഖലയെന്ന് റിപ്പോർട്ട്. നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്‍റർ) നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. കോട്ടയം ജില്ലയിലൂടെ 74 കിലോമീറ്റർ ദൂരമാണ് ദേശീയപാത 183 കടന്നുപോകുന്നത് ഇതിൽ 55 കിലോമീറ്ററിലധികവും അപകടമേഖലയാണെന്നാണ് പഠനം പറയുന്നത്.
ചങ്ങനാശേരി ളായിക്കാട് മുതൽ മുണ്ടക്കയം കല്ലേപ്പാലം വരെയാണ് ദേശീയപാത 183 കോട്ടയത്തിലൂടെ കടന്നുപോകുന്നത്. ഏഴ് റീച്ചുകളാണ് ഇവിടെ ഉള്ളത്. ചങ്ങനാശേരി, കോട്ടയം, മണർകാട്, പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ പ്രധാന നഗരങ്ങളെല്ലാം അപകട മേഖലയിലാണ്.
സംസ്ഥാനപാതയിൽ എംസി റോഡ്, അടിച്ചിറ – പട്ടിത്താനം, കോട്ടയം ബേക്കർ ജങ്ഷൻ – സംക്രാന്തി, വെമ്പള്ളി, കുറവിലങ്ങാട് – മോനിപ്പള്ളി ജങ്ഷൻ, ഏറ്റുമാനൂർ – പൂഞ്ഞാർ റോഡ് തുടങ്ങിയവയും സംസ്ഥാനപാതയിലെ മറ്റ് അപകടമേഖലകൾ.
ദേശീയപാതയിലെ അപകടമേഖലകൾ കണ്ടെത്തി ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കുന്ന പ്രവൃത്തി നടന്ന് വരികയാണ്. സംസ്ഥാനത്തെ എൻഎച്ച് 66 വികസന പ്രവർത്തനത്തിൽ പ്രധാന പരിഗണന നൽകുന്നതും അപകട മേഖലകൾ ഒഴിവാക്കുന്നതിനാണ്. അടിപ്പാത, മേൽപ്പാത നിർമാണമാണ് എൻഎച്ച് 66ൽ കൂടുതലായി നടക്കുന്നത്. അതിനിടെയാണ് ദേശീയപാത 183ലെ അപകടമേഖലകളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവരുന്നത്.
Be the first to comment