മുംബൈ ഭീകരാക്രമണ കേസ്: തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ. അന്വേഷണസംഘത്തിന്റെ പക്കല്‍ ഉള്ള ഓഡിയോ റാണയുടേതാണെന്ന് ഉറപ്പാക്കുന്നതിനാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ കൈയിലുള്ള നിര്‍ണായകമായ തെളിവാണ് തഹാവൂര്‍ റാണയുടെ ശബ്ദ സന്ദേശങ്ങള്‍. ഈ സന്ദേശങ്ങള്‍ റാണയുടേത് തന്നെയാണോയെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്.

അതേസമയം, മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യന്‍ നഗരങ്ങളെയും തഹാവൂര്‍ റാണ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് തഹാവൂര്‍ റാണ സഹകരിക്കുന്നില്ല. ഇന്ത്യയില്‍ എത്തിയ റാണക്കും ഡേവിഡ് കോള്‍ മാന്‍ ഹെഡ്‌ലിക്കും സഹായം നല്‍കിയവരെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങള്‍ തേടുകയാണ്.

പ്രത്യേകമായി ഒരുക്കിയിരിക്കുന്ന എന്‍ഐഎ ആസ്ഥാനത്തെ സെല്ലില്‍ 12 അംഗ സംഘമെത്തിയാണ് തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുന്നത്. ഈ പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ റാണയെ കാണുന്നതിനോ സംസാരിക്കുന്നതിനോ മറ്റാര്‍ക്കും അനുവാദമില്ല. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സെല്ലില്‍ പ്രത്യേകം ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നുമണിക്കൂറാണ് അന്വേഷണസംഘം റാണയെ ചോദ്യം ചെയ്തത് പ്രാഥമിക വിവരങ്ങളാണ് തേടിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി റാണ നല്‍കുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*