
ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പായ എഫ്ഇഐ എൻഡ്യൂറൻസ് ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരിയായി നിദാ അന്ജൂം. ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 40 രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ നേരിട്ടാണ് നിദ റെക്കോർഡിട്ടത്. 17ാം സ്ഥാനത്തായിരുന്നു മലപ്പുറം തിരൂർ കൽപകഞ്ചേരി സ്വദേശിനിയുടെ ഫിനിഷിങ്. മണിക്കൂറിൽ 16.09 കിലോമീറ്റർ ആയിരുന്നു നിദയുടെ ശരാശരി വേഗം.
12 വയസ്സുള്ള തന്റെ വിശ്വസ്ത പെൺകുതിര പെട്ര ഡെൽ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ 160 കിലോമീറ്റർ ദൈർഘ്യമുള്ള പാത വെറും 10 മണിക്കൂർ 23 മിനിറ്റിൽ നിദ കീഴടക്കി. ആദ്യ ഘട്ടം 61ാം സ്ഥാനത്തായിരുന്നു നിദ. പിന്നെ 56ലേക്കും മൂന്നാം ഘട്ടം 41ാം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടമെത്തിയപ്പോൾ നിദ 36ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27ലേക്ക്. ഒടുവിൽ 17ലേക്ക് കുതിച്ചു.
എഫ്ഇഐ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് നിദ പ്രതികരിച്ചു. ‘വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും മത്സരയോട്ടം ആസ്വദിച്ചു. ഇന്ത്യൻ ജനത നൽകിയ സ്നേഹവും പിന്തുണയുമാണ് അവസാനം വരെ പൊരുതാൻ തുണയായത്. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമർപ്പിക്കുന്നതായും മത്സരശേഷം നിദ പറഞ്ഞു.
കഴിഞ്ഞ വർഷം എഫ്ഇഐയുടെ എക്യൂസ്ട്രിയൻ ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിലെ ജൂനിയർ ആൻഡ് യങ് റൈഡേഴ്സ് വിഭാഗം മത്സരം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിജയകരമായി പൂർത്തിയാക്കിയ വനിതയായിരുന്നു നിദ.
യു.കെയിലെ യൂനിവേഴ്സിറ്റി ഓഫ് ബിർമിങ്ഹാമിൽനിന്ന് സാമൂഹിക പ്രവർത്തനത്തിൽ ബിരുദവും ദുബൈയിലെ റാഫിൾസ് വേൾഡ് അക്കാദമിയിൽനിന്ന് ഐ.ബി ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട് നിദ. ഇപ്പോൾ സ്പെയിനിൽ മാനേജ്മെന്റിലും ഇന്റർനാഷണൽ ഡെവലപ്മെന്റിലും മാസ്റ്റേഴ്സ് ചെയ്യുകയാണ്. റീജൻസി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ അൻവർ അമീൻ ചേലാട്ടും മിന്നത്തുമാണ് മാതാപിതാക്കൾ. ഡോ ഫിദ അൻജൂം സഹോദരിയാണ്.
Be the first to comment