നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പടക്കം പൊട്ടിക്കാൻ സഹായിച്ച കൊട്രച്ചാൽ സ്വദേശി വിജയനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഞ്ഞൂറ്റമ്പലം വീരർക്കാവിൽ പടക്കം പൊട്ടിച്ച ശശിയുടെയും, രാജേഷിന്റെയും സഹായിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്ത വിജയൻ. നീലേശ്വരം കൊട്രച്ചാൽ സ്വദേശിയായ ഇയാൾ അപകട സമയത്ത് പടക്കത്തിന് തിരികൊളുത്താൻ സഹായിച്ചിരുന്നു. കേസിൽ പോലീസ് പ്രതിചേർത്ത അഞ്ചുപേർ ഒളിവിലാണ്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോടും, ജില്ലാ പൊലീസ് മേധാവിയോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജില്ലയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.
അതേസമയം, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുപേർ കൂടി ഇന്ന് ആശുപത്രി വിട്ടു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ആശുപത്രികളിലായി 98 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 29 പേർ ഐസിയുവിലാണ്. വെന്റിലേറ്ററിൽ കഴിയുന്ന ഏഴുപേരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽപ്പെട്ടവരുടെ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ച് രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ കെ ഇമ്പശേഖറിന് കൈമാറും.
Be the first to comment