
നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്.
വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു നിമിഷയ്ക്ക് ലഭിച്ച സന്ദേശം. ആക്ഷൻ കൗൺസില്‍ ഭാരവാഹികള്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യങ്ങൾ പറയുന്നത്.
എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഈ വാർത്തയെ മുഴുവനായും തള്ളിക്കളയുകയുമാണ് യമൻ ജയിൽ. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ നിലവിൽ യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
2017ൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ പോയിരുന്നുവെങ്കിലും തലാലിന്റെ കുടുംബത്തെ കാണാൻ കഴിയാതിരുന്നത് ചർച്ചകൾക്ക് വഴിമുട്ടി.
തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.
Be the first to comment