നിപ; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട് എത്തി, ജില്ലയിൽ കനത്ത ജാഗ്രത

കോഴിക്കോട്: നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തി. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. സാമ്പിളുകൾ പരിശോധിക്കാനുള്ള ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം), ഡോ. ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐ ഡി എസ് പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബാഗ്ലൂര്‍), ഡോ. ഹനുല്‍ തുക്രല്‍- (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. ഗജേന്ദ്ര സിംഗ് (വൈല്‍ഡ്‌ലൈഫ് ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി) എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. കളക്ടറേറ്റിലെ പ്രാഥമിക ചർച്ചകൾക്ക് ശേഷം ഗസ്റ്റ്ഹൗസിൽ എത്തിയ കേന്ദ്ര സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് കേന്ദ്ര സംഘം സംസ്ഥാന സർക്കാരിന് വിവരങ്ങൾ നൽകും. രോഗബാധ സ്ഥിരീകരിച്ച സ്ഥിരീകരിച്ച മരുതോങ്കരയിലുൾപ്പെടെ സംഘം പരിശോധന നടത്തും.

നിലവിൽ മൂന്ന് പേരാണ് കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. വെൻ്റിലേറ്ററിൽ കഴിയുന്ന ഒൻപത് വയസുകാരൻ്റെ ആരോഗ്യനില കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റ് രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആകെ 20 പേരാണ് നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. 11 സാമ്പിളുകളുടെ പരിശോധന ഫലം കൂടി വരാനുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*