ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കിഴിവ്?, അസസ്‌മെന്റ് വര്‍ഷത്തിന് പകരം നികുതി വര്‍ഷം, 622 പേജുകള്‍; പുതിയ ആദായനികുതി ബില്‍ നാളെ സഭയില്‍

ന്യൂഡല്‍ഹി: പുതിയ ആദായനികുതി ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. 536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ള ആദായനികുതി ബില്‍ 2025 ആണ് അവതരിപ്പിക്കാന്‍ പോകുന്നത്.

1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1961 ലെ ആദായനികുതി നിയമത്തില്‍ പറയുന്ന ‘മുന്‍ വര്‍ഷം’ (previous year) എന്ന പദത്തിന് പകരം ‘നികുതി വര്‍ഷം’ (tax year) എന്ന പദമാണ് പുതിയ ബില്ലില്‍ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ അസസ്‌മെന്റ് വര്‍ഷം എന്ന പദവും ഒഴിവാക്കിയിട്ടുണ്ട്.

ഉദാഹരണമായി മുന്‍വര്‍ഷമായ 2023-24ല്‍ നേടിയ വരുമാനത്തിന് അസസ്‌മെന്റ് വര്‍ഷമായ 2024-25ല്‍ നികുതി അടയ്ക്കുന്നതാണ് തുടരുന്ന രീതി. എന്നാല്‍ പുതിയ ബില്ലില്‍ ഈ രണ്ടു പദപ്രയോഗങ്ങളും ഒഴിവാക്കി നികുതി വര്‍ഷമാണ് ഇടംപിടിച്ചിരിക്കുന്നത്. 1961 ലെ ആദായനികുതി നിയമത്തില്‍ 298 വകുപ്പുകളാണ് ഉള്ളത്. എന്നാല്‍ പുതിയ ബില്ലില്‍ വകുപ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ട്. നിലവിലുള്ള നിയമത്തില്‍ 14 ഷെഡ്യൂളുകള്‍ ഉണ്ട്. അത് പുതിയ ബില്ലില്‍ 16 ആയി വര്‍ദ്ധിക്കും. എന്നിരുന്നാലും, അധ്യായങ്ങളുടെ എണ്ണം 23 ല്‍ നിലനിര്‍ത്തി.

പേജുകളുടെ എണ്ണം 622 ആയി കുറച്ചു. നിലവിലെ നിയമത്തില്‍ 880 പേജുകള്‍ ഉണ്ട്. ബജറ്റ് അവതരണ വേളയിലാണ് നടപ്പുസമ്മേളന കാലയളവില്‍ തന്നെ പുതിയ ആദായനികുതി ബില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ ബില്ലില്‍ കിഴിവ് നിര്‍ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭാവന നിയമങ്ങള്‍ പരിഷ്‌കരിക്കാനും ക്രിപ്റ്റോ-ആസ്തികള്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ലളിതമായ റീഫണ്ട് പ്രക്രിയ ആവിഷ്‌കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്‍. വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിന് ബില്‍ നിയമപരമായ നിബന്ധനകള്‍ ലളിതമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*