
ന്യൂഡല്‍ഹി : പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ ജനകീയ മോഡലായ മാഗ്നൈറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ മാഗ്നൈറ്റ് ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2020 ഡിസംബറിലാണ് നിസാന്‍ മാഗ്നൈറ്റ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിച്ച മോഡലാണിത്. ഇതിന്റെ ആദ്യത്തെ അപ്‌ഡേറ്റ് ആണ് ഫെയ്‌സ് ലിഫ്റ്റ് രൂപത്തില്‍ പുറത്തിറങ്ങാന്‍ പോകുന്നത്.
പരിഷ്‌കരിച്ച ഗ്രില്‍, മുന്‍വശത്തെ ബമ്പര്‍, പുനഃരൂപകല്‍പ്പന ചെയ്ത ഹെഡ്‌ലൈറ്റ് ഹൗസുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. എല്‍ ആകൃതിയിലുള്ള ഡേടൈം റണ്ണിങ് ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍, പുനഃരൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഇതിന്റെ മറ്റു സവിശേഷതകളാണ്.
അകത്തളവും മനോഹരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്ഡേറ്റ് ചെയ്ത സീറ്റ് അപ്ഹോള്‍സ്റ്ററിയോട് കൂടിയായിരിക്കും പുതിയ മോഡല്‍ വരിക. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ഒറ്റ പാളി സണ്‍റൂഫും പുതിയ ഫീച്ചറുകളായി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയും വാഹനത്തില്‍ ഉണ്ടാവും.
360-ഡിഗ്രി കാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയും ഇതില്‍ പ്രതീക്ഷിക്കാം. സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുമെന്നും കരുതുന്നു. എന്‍ജിനില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. വില 6.30 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Be the first to comment