ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ നിസാന്‍ എക്സ്-ട്രയില്‍ എത്തുന്നു. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി, എക്സ് ട്രെയില്‍ ഡല്‍ഹിയില്‍ പ്രദര്‍ശനത്തിനെത്തിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച മോഡല്‍, ഇന്ത്യയില്‍ ഇറക്കുമതി ചെയ്താണ് വിപണിയിലെത്തിക്കുന്നത്. പുതിയ മോഡല്‍ കൂടി എത്തുന്നതോടെ നിസാന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച വാഹനങ്ങളുടെ എണ്ണം രണ്ടായി.
നിസാന്‍ എക്സ്-ട്രെയിലിന് സ്പ്ലിറ്റ്-ഹെഡ്ലാമ്പ് സജ്ജീകരണമുണ്ട്. വി-മോഷന്‍ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഡാര്‍ക്ക് ക്രോം ഗ്രില്ല്. 20 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. റിയറില്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകളുണ്ട്. എക്സ് ട്രെയിലിന് 4680 എംഎം നീളമാണുള്ളത് 1840 എംഎം വീതിയും 1725 എംഎം ഉയരവുമുണ്ട്. 2705 എംഎം വീല്‍ബേസുണ്ട്. ബ്ലാക്ക് ഇന്റീയര്‍ തീം ആണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ അടങ്ങിയ എട്ട് ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്.
ഡ്യുവല്‍ സോണ്‍ എസി, പാന്‍ പരോമിക് സണ്‍ റൂഫ്, സ്ലൈഡിങ് ആന്റ് റിക്ലൈനിങ് സെക്കന്റ് റോ സീറ്റ്, ഏഴ് എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറയുള്ള ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കീ ലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്കും ഓട്ടോ ഹോള്‍ഡ് ഫങ്ഷനും, ക്രൂയിസ് കണ്ട്രോള് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരതന്നെ നിസാന്റെ പുതിയ മോഡലിലുണ്ട്.
1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് ഈ വാഹനം എത്തുന്നത്. ഇതിനൊപ്പം 12 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 163 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് എഞ്ചിന്റെ കരുത്ത്. ഷിഫ്റ്റ് ബൈ വയര്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്. നാല്‍പ്പത് ലക്ഷം ആയിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വില എന്നാണ് പ്രാഥമിക വിവരങ്ങള്‍. സ്കോഡ കോഡിയാക്, ജീപ് മെറിഡിയന്, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയോടാണ് നിസാന്റെ പുതിയ മോഡല്‍ മത്സരത്തിനിറങ്ങുന്നത്.
Be the first to comment