
കൊണ്ടോട്ടി : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി കൊണ്ടോട്ടിയുടെ യുഡിഎഫ് നഗരസഭാധ്യക്ഷ നിതാ ഷെഹീർ. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇരുപത്തിയാറുകാരിയായ നിത ഷെഹീർ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിത എൽഡിഎഫിലെ കെപി നിമിഷയെ 26 വോട്ടിന് പരാജയപ്പെടുത്തിയാണ് നഗരസഭാധ്യക്ഷയായത്.
40 കൗൺസിലർമാരുള്ള നഗരസഭയിൽ നിത ഷെഹീർ 32 വോട്ടും കെപി നിമിഷ ആറു വോട്ടും നേടി. യുഡിഎഫിലെ രണ്ടു വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിൽ പേരും ഒപ്പും രേഖപ്പെടുത്താത്തതിന് ലീഗിലെ 20-ാം വാർഡ് കൗൺസിലർ താന്നിക്കൽ സൈതലവിയുടെയും തെറ്റായ ഭാഗത്ത് ഒപ്പുവെച്ചതിന് കോൺഗ്രസിലെ 25-ാം വാർഡ് കൗൺസിലർ സൗമ്യ ചെറായിയുടെയും വോട്ടുകളാണ് അസാധുവായത്.
കോൺഗ്രസിലെ രണ്ടു സ്വതന്ത്രാംഗങ്ങളും വെൽഫെയർ പാർട്ടിയുടെ കൗൺസിലറും യുഡിഎഫിന് വോട്ടുചെയ്തു. മുസ്‌ലിംലീഗിന് 23 അംഗങ്ങളും കോൺഗ്രസിന് എട്ടും സിപിഐഎമ്മിനും സിപിഐയ്ക്കും മൂന്നുവീതം കൗൺസിലർമാരുമാണ് നഗരസഭയിലുള്ളത്. 2015-ൽ നിലവിൽവന്ന കൊണ്ടോട്ടി നഗരസഭയിലെ അഞ്ചാമത്തെ അധ്യക്ഷയാണ് നിത ഷെഹീർ. കോൺഗ്രസിലെ സികെ നാടിക്കുട്ടിയാണ് ആദ്യ ചെയർമാൻ.
സിപിഐഎമ്മിലെ പറമ്പീരി ഗീത, മുസ്‌ലിം ലീഗിലെ കെസി ഷീബ എന്നിവർ 2015-20 കാലയളവിലും മുസ്‌ലിം ലീഗിലെ സിടി ഫാത്തിമത്ത് സുഹ്റാബി ശേഷവും അധ്യക്ഷയായി. യുഡിഎഫിലെ അധികാരമാറ്റത്തെ തുടർന്ന് മുസ്‌ലിം ലീഗ് നഗര സഭാ അധ്യക്ഷപദവി കോൺഗ്രസിന് കൈമാറിയതോടെയാണ് നിതയ്ക്ക് അവസരം ലഭിച്ചത്.
Be the first to comment