
കോട്ടയം: അടുത്ത മാസം ഉഗാണ്ടയിൽ വച്ച് നടക്കുന്ന പാര ബാഡ്മിന്റൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ പ്രതീക്ഷകളുമായി പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ അംഗമായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ നിതിൻ കെ.ടി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള അമ്പതംഗ ടീമിൽ ഏക മലയാളി കൂടിയാണ് നിതിൻ. ഉയരം കുറഞ്ഞവരുടെ വിഭാഗത്തിൽ മത്സരിക്കുന്ന നിതിൻ അടുത്തിടെ ജംഷദ്പൂരിൽ വച്ച് നടന്ന നാഷണൽ പാരബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ജൂലായ് ഒന്ന് മുതൽ എട്ട് വരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിതിനും സംഘവും.
2018ൽ ഹരിയാനയിൽ വച്ച് നടന്ന അത്ലറ്റിക്ക് മീറ്റിൽ പങ്കെടുത്തതോടെയാണ് നിതിൻ കായികരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ജംഷദ്പൂരിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിലെ മെഡൽ നേട്ടം നിതിന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്കും വഴി തുറന്നു. കഴിഞ്ഞ ഒന്നരമാസത്തോളായി സായിയുടെ പരിശീലനത്തിലാണ് നിതിൻ.
കഴിഞ്ഞ ഡിസംബറിൽ അതിരമ്പുഴയിൽ വെച്ച് നടന്ന യെൻസിയെൻ കപ്പിൽ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബിലെ താരങ്ങൾക്കൊപ്പം അതിരമ്പുഴ പഞ്ചായത്ത് ടീമും അതിരമ്പുഴ പള്ളി ടീമുമായി ഏറ്റുമുട്ടിയപ്പോൾ മികച്ച പ്രകടനം കാഴ്ച വെച്ച നിതിൻ, അന്ന് മുതലേ അതിരമ്പുഴക്കാർക്കു പ്രിയക്കാരനായി മാറിയിരുന്നു. രണ്ടു മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളും നിതിൻ നേടിയിരുന്നു.


ഉഗാണ്ട ടൂർണമെന്റിന് ശേഷം സ്പോൺസർഷിപ്പ് ലഭിച്ചാൽ ജപ്പാനിലും ഇന്തോനേഷ്യയിലും നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിതിൻ. ബാഡ്മിന്റൺ വിഭാഗത്തിൽ റാങ്കിംഗ് ലഭിക്കണമെങ്കിൽ ഓപ്പൺ വിഭാഗത്തിൽ മത്സരിക്കണം. റാങ്കിംഗ് ലഭിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസ്, പാരാഒളിംപിക് ഗെയിംസ് തുടങ്ങിയ മത്സരങ്ങളിൽ നിതിന് പങ്കെടുക്കാൻ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ നിന്നുള്ള പിന്തുണ വളരെ കുറവാണെന്ന് നിതിൻ യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു.
കായികരംഗത്ത് നിന്ന് വിട്ടുനിന്ന നിതിനെ വീണ്ടും ഗ്രൗണ്ടിലേക്ക് എത്തിച്ചതിന് പിന്നിൽ ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ്ബും ക്ലബ്ബിന്റെ കോച്ച് കെ കെ റാഷിദിന്റെ പിന്തുണ അത്രയും വലുതാണെന്ന് നിതിൻ പറഞ്ഞു. ക്ലബ്ബിന്റെ ഫുട്ബോൾ ടീം അംഗമായ നിതിൻ കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന ടൂർണമെന്റുകളിൽ കളിക്കാറുണ്ട്. ക്ലബ്ബിന് ലഭിക്കുന്ന പിന്തുണയിൽ ലഭിച്ച ആത്മവിശ്വാസമാണ് വീണ്ടും ബാഡ്മിന്റൺ രംഗത്തേക്ക് കടന്നുവരാൻ കാരണമായതെന്ന് നിതിൻ യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു. അച്ഛൻ ബാലൻ, അമ്മ പ്രേമ, സഹോദരി നീതുവും ഭർത്താവും അടങ്ങുന്ന കുടുംബവും ഏറ്റവും അടുത്ത സുഹൃത്തുക്കളും വലിയ പിന്തുണയാണ് നൽകുന്നതെന്ന് നിതിൻ കൂട്ടിച്ചേർത്തു.
Be the first to comment