ലോകത്തിനു മുൻപിൽ ഇന്ത്യൻ പതാക ഉയർത്തി രാജ്യത്തിന് അഭിമാനമായി ഇടുക്കിയിൽ നിന്നൊരു മിടുക്കി

ഇടുക്കി : ലോകത്തിനു മുൻപിൽ ഇന്ത്യൻ പതാക ഉയർത്തി രാജ്യത്തിന് അഭിമാനമായി ഇടുക്കിയിൽ നിന്നൊരു മിടുക്കി. ന്യൂസിലൻഡിൽ വച്ച് നടന്ന ജൂനിയർ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിലാണ് ജൂനിയർ വിഭാഗത്തിൽ ഇടുക്കി രാജാക്കാട് എൻആർസിറ്റി സ്വദേശിയായ നിവേദ്യ വെങ്കലമെഡല്‍ നേടിയത്. ടീമിനത്തിൽ ഇന്ത്യ വെള്ളിയും സ്വന്തമാക്കി.

പ്രീജ ശ്രീധരനെയും കെ എം ബീന മോളെയും പോലുള്ള നിരവധി ഒളിമ്പ്യൻമാരെയും മറ്റ് ദേശീയ അന്തർദേശീയ കായിക താരങ്ങളെയും സംഭാവന ചെയ്‌ത ജില്ലയാണ് ഇടുക്കി. മാറുന്ന കാലത്തിനനുസരിച്ചുള്ള പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൊയ്‌ത് വളർന്നുവരുന്ന താരങ്ങളും നിരവധിയാണ്.

രാജാക്കാട് എൻആർസിടി വടക്കേൽ രതീഷ് – ദീപ ദമ്പതികളുടെ മകൾ നിവേദ്യ. ന്യൂസിലൻഡിൽ വച്ച് നടന്ന ജൂനിയർ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ഫെൻസിങ് വിഭാഗത്തിലാണ് നിവേദ്യ വെങ്കലമെഡൽ നേടിയത്. ടീമിനത്തിൽ വെള്ളിമെഡലും ഇന്ത്യ സ്വന്തമാക്കി. പത്താം ക്ലാസ് വരെ എൻആർസിടി എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ച നിവേദ്യ ഇപ്പോൾ തലശ്ശേരി ഗവൺമെന്‍റ്‌ വിഎച്ച്എസ്‌എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്.

തലശ്ശേരി സ്പോർട്‌സ്‌ സ്‌കൂളിലാണ് പരിശീലനം നടത്തുന്നത്. അരുൺ നായരാണ് നിവേദ്യയുടെ മുൻ പരിശീലകൻ. സാഗർ എസ് ലാഗു, അരുൺ രാജ്‌കുമാർ എന്നിവരാണ് ഇപ്പോൾ നിവേദ്യയ്‌ക്ക് പരിശീലനം നൽകുന്നത്. ഇടുക്കിയുടെ മിടുക്കി രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ചതിന്‍റെ സന്തോഷത്തിലാണ് രാജാക്കാട് എന്ന കുടിയേറ്റ ഗ്രാമവും ഇടുക്കി ജില്ലയും.

Be the first to comment

Leave a Reply

Your email address will not be published.


*