
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്ത ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ആത്മഹത്യപ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഐസി ബാലകൃഷ്ണന്‍ വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിന് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നീക്കം. ഡിവൈഎസ്പി ഓഫീസില്‍ വച്ചാകും ചോദ്യം ചെയ്യല്‍. അതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ മറ്റ് നടപടികളിലേക്കൊന്നും കടക്കില്ല.
ചോദ്യം ചെയ്യലിന് കോടതിയുടെ അനുമതിയുമുണ്ട്. ഇന്നലെ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും കെകെ ഗോപിനാഥിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസമാണ് ഇവരെ ചോദ്യം ചെയ്തത്. ഗോപിനാഥിന്റെ വീട്ടില്‍ പരിശോധന ഉള്‍പ്പടെ നടത്തി.
വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം. നേരത്തെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ പങ്കെടുത്തുള്ള സമരങ്ങള്‍ നടന്നതാണ്. ഏരിയ തലങ്ങളില്‍ വാഹന പ്രചാരണ ജാഥയും ബത്തേരിയില്‍ മനുഷ്യ ചങ്ങലയും സംഘടിപ്പിക്കാനാണ് സിപിഐഎം തീരുമാനിച്ചിട്ടുള്ളത്.
എന്‍ എം വിജയന്റെ വീട് ഇന്നലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സന്ദര്‍ശിച്ചിരുന്നു . നേരത്തെ KPCC ഉപസമിതിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷനേതാവും ഇവിടെയെത്തിയിരുന്നു. എന്‍ എം വിജയന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അത് കോണ്‍ഗ്രസിന്റെ ബാധ്യതയാണെന്നും കെ സുധാകരന്‍ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം പ്രതികരിച്ചു. കെപിസിസിയുടെ ഉപസമിതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമായിരിക്കും അതില്‍ തുടര്‍നടപടികള്‍ എടുക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഏകദേശം പത്ത് മിനിറ്റോളം കുടുംബങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Be the first to comment