സ്വവർഗാനുരാഗം ലൈംഗിക കുറ്റത്യമാക്കി എംബിബിഎസ് പാഠ്യപദ്ധതി; എൻഎംസിയുടെ പരിഷ്കരണം വിവാദത്തില്‍

സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കീഴിലുള്‍പ്പെടുത്തി യുജി മെഡിക്കല്‍ വിദ്യാർഥികളുടെ ഫോറൻസിക് മെഡിക്കല്‍ പാഠ്യപദ്ധതി പരിഷ്കരിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ (എൻഎംസി). ഇതിനുപുറമെ 2022ല്‍ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്ത കന്യാചർമത്തിന്റെ പ്രധാന്യം, കന്യകാത്വത്തിന്റെ നിർവചനം, നിയമസാധുത തുടങ്ങിയവയും തിരിച്ചുകൊണ്ടുവന്നു.

എല്‍ജിബിടിക്യുഎ+ വിഭാഗത്തിന് വിദ്യാഭ്യാസം കൂടുതല്‍ സൗഹാർദപരമാകുന്നതിനുവേണ്ടി എൻഎംസി 2022ല്‍ ഉള്‍പ്പെടുത്തിയ ക്വീർ വ്യക്തികള്‍ തമ്മിലുള്ള സമ്മതത്തോടെയുള്ള ലൈംഗികബന്ധം, വിവാഹേതരബന്ധം, ലൈംഗികകുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വ്യത്യാസങ്ങളും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കി.

ഫൗണ്ടേഷൻ കോഴ്‌സിന്റെ ഭാഗമായുള്ള വൈകല്യത്തെക്കുറിച്ചുള്ള ഏഴ് മണിക്കൂർ പരിശീലനവും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ എത്തിക്‌സുമായി ബന്ധപ്പെട്ട മൊഡ്യൂളില്‍ വൈകല്യത്തെക്കുറിച്ചുള്ള വിഷയവും ഉള്‍പ്പെടുത്തിയിട്ടില്ല.

ലൈംഗികത, ലിംഗഭേദം, ലൈംഗികാഭിമുഖ്യം എന്നിവയെക്കുറിച്ച് വിദ്യാർഥികള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പാഠ്യപദ്ധതിയുടെ സൈക്യാട്രി മൊഡ്യൂളിലും 2022ല്‍ മാറ്റം വരുത്തിയിരുന്നു. ലിംഗഭേദവും ലിംഗവ്യക്തിത്വവും തമ്മിലുള്ള വ്യത്യാസം, പൊതുവായ തെറ്റിദ്ധാരണകള്‍ തുടങ്ങിയ വിഷയങ്ങള്‍ സൈക്യാട്രി മൊഡ്യൂളില്‍ നിലവില്‍ പരാമർശിക്കുന്നില്ല. ലിംഗസ്വത്ത വൈകല്യങ്ങളെക്കുറിച്ച് വിദ്യാർഥികള്‍ പഠിക്കണമെന്നും സൈക്യാട്രി മോഡ്യൂളില്‍ പറയുന്നില്ല.

ഫൊറൻസിക് മെഡിസിന് കീഴില്‍ പുതിയ നിയമങ്ങളുടെ വ്യവസ്ഥകളെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുമെന്നും പാഠ്യപദ്ധതി വ്യക്തമാക്കുന്നു. ഭാരതീയ നാഗരിക സുരക്ഷ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ ന്യായ് സംഹിത (ബിഎൻസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവയാണ് പരാമർശിച്ചിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു 2022ല്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. സ്വവർഗാനുരാഗം ലൈംഗികകുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിചിത്രമായ ലൈംഗിക താല്‍പ്പര്യങ്ങളില്‍ നിന്നുണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചു. കന്യകാത്വപരിശോധന അശാസ്ത്രിയവും മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്നും പാഠ്യപദ്ധതി വ്യക്തമാക്കി.

എൻഎംസിയുടെ വെബ്‌സൈറ്റില്‍ മാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ മാറ്റത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അധികൃതർ പ്രതികരിക്കാനും തയാറായിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*