കെട്ടിട നമ്പർ നൽകുന്നില്ല; മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവാസി വ്യവസായിയുടെ നിരാഹാര സമരം

കോട്ടയം: മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവാസി വ്യവസായിയുടെ നിരാഹാര സമരം. 25 കോടി ചെലവഴിച്ച സ്പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെയാണ് സമരം. സമരത്തിനിടെ പോലീസ് ഇടപെട്ടതും സംഘർഷത്തിന് ഇടയാക്കി.

വ്യവസായിയുടെ പരാതിയിൽ നേരത്തെ കൈകൂലി കേസിൽ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി കേസിൽ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് വ്യവസായി ഷാജിമോൻ ജോർജ് ആരോപിച്ചു. നിരാഹാര സമരത്തിനു പിന്തുണയറിയിച്ച് കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് സ്ഥലത്തെത്തി. സർക്കാരിനെ വിവരങ്ങൾ ധരിപ്പിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

അഞ്ചു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്‍റ് കോമളവല്ലി വിശദീകരിച്ചു.  ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഷാജിമോനും മറുപടി നല്‍കി. 

സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് പ്രവാസി വ്യവസായിയുടെ പ്രതിഷേധം. പൊലീസ് സ്ഥലത്തെത്തി നിരാഹാരം കിടന്ന കട്ടിൽ ഉൾപ്പെടെ ഷാജിമോൻ ജോർജിനെ ഗേറ്റിനു പുറത്തേക്ക് മാറ്റിയതും പ്രതിഷേധം ശക്തമാക്കി. ഇതേതുടർന്ന് ഇദ്ദേഹം റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. ടൗൺ പ്ലാനിങ് ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള അപ്ലേറ്റ് അതോറിറ്റി പഞ്ചായത്തിൽ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*