കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങിയ വാട്ടർ അതോറിറ്റിയുടെ നടപടി അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി . കൃത്യമായി ബിൽ തുക നൽകിയിട്ടും വെള്ളം നൽകാത്ത വാട്ടർ അതോറിറ്റി, മുടക്കമില്ലാതെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തേണ്ടതും കൂടാതെ 65,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് നൽകണമെന്ന് ഡി.ബി ബിനു പ്രസിഡന്റും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവ് നൽകി.
എറണാകുളം മരട് സ്വദേശി ഡോ. മറിയാമ്മ അനിൽ കുമാർ സമർപ്പിച്ച പരാതിയിൽ വാട്ടർ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കോടതി നിർദേശം നൽകിയത്. ഗാർഹിക കുടിവെള്ള കണക്ഷൻ 2018 മെയ് മാസത്തിലാണ് പരാതിക്കാരി എടുത്തത്. അന്നുമുതൽ ജനുവരി 2019 വാട്ടർചാർജ് നൽകിയിട്ടുണ്ട്. എന്നാൽ വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല പ്രാവശ്യം വാട്ടർ അതോറിറ്റിയുടെ ഓഫീസുകളിൽ കയറി ഇറങ്ങി. വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതി ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നൽകിയിട്ടുണ്ട് എന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. വാട്ടർ അതോറിറ്റിയുടെ മെയിൽ ഡിസ്ട്രിബൂഷൻ ലൈനിന്റെ അവസാന ഭാഗത്ത് വരുന്നതിനാൽ പരാതിക്കാരിയും അയൽക്കാരും ഏറെ ജലദൗർലഭ്യം അനുഭവിക്കുന്നുവെന്നും വാട്ടർ അതോറിറ്റി ബോധിപ്പിച്ചു.
Be the first to comment