
ഡ്രൈവറുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങളെന്ന വാഗ്ദാനം നിറവേറ്റാന്‍ ടെസ്‌ല. ഓഗസ്റ്റ് എട്ടിന് കമ്പനിയുടെ ആദ്യ റോബൊടാക്സി ലോഞ്ച് ചെയ്യും. ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ സുപ്രധാനമായ ഉത്പന്നങ്ങളിലൊന്നായിരിക്കും സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളെന്ന് വർഷങ്ങള്‍ക്ക് മുന്‍പ് തന്നെ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.
സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളിലൂടെ കാറിന്റെ പ്രവർത്തനവും ഡ്രൈവിങ്ങും മെച്ചപ്പെടുമെന്നായിരുന്നു മസ്ക് അന്ന് അവകാശപ്പെട്ടിരുന്നത്. 2020-ല്‍ റോബോടാക്സിയുടെ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു 2019 ഏപ്രിലില്‍ ടെസ്‌ല നല്‍കിയ വാഗ്ദാനം. 11 വർഷത്തോളമായിരിക്കും വാഹനത്തിന്റെ ആയുസ്. 16 ലക്ഷത്തോളം കിലോമീറ്റർ ഓടിക്കാന്‍ സാധിക്കുമെന്നും ടെസ്‌ല അവകാശപ്പെടുന്നു.
Tesla Robotaxi unveil on 8/8
— Elon Musk (@elonmusk) April 5, 2024
നിലവില്‍ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് (എഫ്എസ്‌ഡി) ശേഷിയുള്ള കാറാണ് ടെസ്‍ല മോഡല്‍ 3. കാറിന്റെ യഥാർത്ഥ വിലയേക്കാള്‍ 12,000 അമേരിക്കന്‍ ഡോളർ അധികമായി നല്‍കിയാല്‍ എഫ്‌എസ്‌ഡി സവിശേഷത ലഭ്യമാകും. പ്രതിമാസം 199 അമേരിക്കന്‍ ഡോളർ നല്‍കി സബ്‌സ്ക്രിപ്ഷനിലൂടെയും സവിശേഷത ഉപയോഗിക്കാനുള്ള ഓപ്ഷനുണ്ട്.
നിലവിലെ സവിശേഷതകള്‍ ഉപയോഗിക്കുന്നതിന് ഒരു ഡ്രൈവറുടെ മേല്‍നോട്ടം അനിവാര്യമാണെന്ന് ടെസ്‌ല നല്‍കിയിരിക്കുന്ന വിവരണത്തില്‍ പറയുന്നുണ്ട്. മുഴുവനായും എഫ്‌എസ്‍ഡി സവിശേഷത കൈവരിക്കാന്‍ വാഹനത്തിന് സാധ്യമായിട്ടില്ലെന്നാണ് വിവരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ടെസ്‌ലയുടെ എഫ്‌എസ്‌ഡി സിസ്റ്റം പരിശോധിച്ച വിദഗ്ദരുടെ അഭിപ്രായത്തില്‍ വാഹാനം മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കാന്‍ സജ്ജമായിട്ടില്ലെന്നാണ് അറിയിച്ചിരുന്നത്. വെഹിക്കിള്‍ ടെക്നോളജി ഫോർ കണ്‍സ്യൂമർ റിപ്പോർട്ട്സിന്റെ അസോസിയേറ്റ് ഡയറക്ടറായ കെല്ലി ഫങ്ക്ഹൗസർ അടുത്തിടെയാണ് സിസ്റ്റം വിശകലനം ചെയ്തത്. പ്രധാനമായും ഹൈവേകള്‍ക്ക് അനുയോജ്യമായാണ് സിസ്റ്റം രൂപകല്‍പ്പനം ചെയ്തിട്ടുള്ളതെന്നും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ കുറവാണെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്.
ടെസ്‌ലയ്ക്ക് പുറമെ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായ വെമൊ, ജിഎമ്മിന്റെ ഉപകമ്പനിയായ ക്രൂയിസ് തുടങ്ങിയവയും സമാന പരീക്ഷണങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ട്.
Be the first to comment