ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല; ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

കൊച്ചി: ബാങ്ക് അക്കൗണ്ട് ഹോൾഡർക്ക് ഓഫർ ചെയ്ത ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് മൂലം ഉപഭോക്താവിന് സംഭവിച്ച നഷ്ടം ബാങ്ക് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. എറണാകുളം വടുതല സ്വദേശി വി.ടി ജോർജിനാണ് നഷ്ടപരിഹാര തുക നൽകാൻ ഉത്തരവായത്.   

ജോർജ് കാനറാ ബാങ്ക് അക്കൗണ്ട് ഹോൾഡേഴ്സിനായുള്ള ഗ്രൂപ്പ് ഹെൽത്തി ഇൻഷുറൻസ് പോളിസിയിൽ ചേരുകയും ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഈടക്കുകയും ചെയ്തിരുന്നു. എന്നാൽ പോളിസി സർട്ടിഫിക്കറ്റ് ഇൻഷുറൻസിന്റെ വിവരങ്ങൾ ബാങ്ക് ജോർജിന് നൽകിയിരുന്നില്ല. അസുഖ ബാധിതനായി ജോർജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ഇൻഷുറൻസ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ക്ലെയിം നിഷേധിക്കപ്പെടുകയും ചെയ്തു. 90000 രൂപയും പരാതിക്കാരൻ ചികിൽസക്കായി ചെലവഴിച്ചു. ഈ സാഹചര്യത്തിലാണ് ജോർജ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ബാങ്ക് മുഖേന ചേർന്ന പോളിസിയിൽ സർട്ടിഫിക്കറ്റുകളും വിവരങ്ങളും ഉപഭോക്താവിന് നൽകേണ്ടത് ബാങ്കിന്റെ ചുമതലയാണെന്ന് കമ്മീഷൻ പ്രസിഡന്റ് ഡി.ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഉപഭോക്താവിന് ഹോസ്പിറ്റൽ ബില്ലിനത്തിൽ ചിലവായ 90000/- രൂപയും ഇൻഷുറൻസ് നിഷേധിച്ചത് മൂലം ഉണ്ടായ കഷ്ടനഷ്ടങ്ങൾക്കും കോടതി ചെലവിനുമായി അറുപതിനായിരം രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കോടതി കാനറാ ബാങ്കിന് നിർദേശം നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടി.ജെ ലക്ഷ്മണ അയ്യർ ഹാജരായി.

Be the first to comment

Leave a Reply

Your email address will not be published.


*