ആ കാര്യത്തിൽ ഇനി തർക്കം വേണ്ട, ‘ജയ് ഹോ’ ഒരുക്കിയത് എ ആർ റഹ്മാൻ തന്നെ; മറുപടി നൽകി സുഖ്‌വിന്ദർ സിങ്

‘ജയ് ഹോ’ ഗാനവുമായി ബന്ധപ്പെട്ട് രാം ഗോപാൽ വർമ്മയുടെ ആരോപണം നിഷേധിച്ച് ഗായകൻ സുഖ്‌വിന്ദർ സിങ്. ‘ജയ് ഹോ’ എ ആർ റഹ്മാനല്ല, മറിച്ച് ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് കംപോസ് ചെയ്തത് എന്നാണ് കഴിഞ്ഞ ദിവസം രാം ഗോപാൽ വർമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണ് എന്നും ആ ഗാനം എ ആർ ആറിന്റെ തന്നെയാണ് എന്നുമാണ് സുഖ്‌വിന്ദർ സിങ് പ്രതികരിച്ചത്.

അദ്ദഹേത്തിന്റെ ആലാപനത്തിൽ പങ്കുചേരുക മാത്രമാണ് ചെയ്തത്. യുവരാജ് എന്ന ചിത്രത്തിന് വേണ്ടി ‘ജയ് ഹോ’ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാൻ തന്നെയായിരുന്നു. അത് പാടുക മാത്രമാണ് താൻ ചെയ്തത്. ഈണത്തിൽ പങ്കില്ല, രാം ഗോപാൽ വർമ്മയ്ക്ക് ആരോ തെറ്റായ വിവരം നൽകിയതാകാമെന്നും സുഖ്‌വിന്ദർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗുൽസാർ സാഹബ് ആണ് ജയ് ഹോ പാട്ടിന് വരികൾ കുറിച്ചത്. മുംബൈ ജുഹുവിലെ തന്റെ സ്റ്റുഡിയോയിൽ വച്ചാണ് അതിന്റെ കമ്പോസിങ് നടത്തിയത്. തുടർന്ന് അദ്ദേഹമത് സംവിധായകൻ സുഭാഷ് ഘായ്‌ക്കു കേൾപ്പിച്ചുകൊടുത്തു. അതിനു ശേഷമാണ് താൻ ആലപിച്ചത്. സുഭാഷ്ജിക്ക് പാട്ട് ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ യുവരാജ് എന്ന സിനിമയുടെ കഥയുമായി ബന്ധമില്ലാത്തതു കൊണ്ട് പാട്ട് ഓഴിവാക്കുകയായിരുന്നു. അങ്ങനെയാണ് സ്ലം ഡോഗ് മില്യണെയർ എന്ന സിനിമയ്ക്ക് വേണ്ടി ആ ഗാനം എടുക്കുന്നതെന്നും ഗായകൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*