ഡൽഹിയിലെ റോഡുകളിൽ ഇനി ബൈക്ക്-ടാക്‌സികൾ ഓടില്ല; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ദേശീയ തലസ്ഥാനത്ത് ബൈക്ക്-ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ ഇനിമുതൽ ബൈക്ക്-ടാക്‌സികൾ ഓടില്ല. ബൈക്ക്-ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോയ്ക്കും ഊബറിനും ദേശീയ തലസ്ഥാനത്ത് പ്രവർത്തിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി സർക്കാർ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീം കോടതി പരിഗണിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ തീരുമാനം. 

അതേസമയം, അന്തിമ നയം പ്രഖ്യാപിക്കുന്നത് വരെ ബൈക്ക്-ടാക്‌സി അഗ്രഗേറ്റർക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അന്തിമ നയം വിജ്ഞാപനം ചെയ്യുന്നതുവരെ സർക്കാരിന്റെ നോട്ടീസ് സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതിയുടെ തീരുമാനം റാപിഡോയുടെ റിട്ട് പെറ്റീഷൻ ഫലത്തിൽ അനുവദിക്കുന്നതിന് തുല്യമാണെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീഷ് വസിഷ്ഠ് കോടതിയിൽ പറഞ്ഞു.

ഈ വർഷമാദ്യം ഡൽഹി സർക്കാർ, ബൈക്ക്-ടാക്‌സികൾ ഡൽഹിയിൽ ഓടുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു, നിയമലംഘനങ്ങൾ നടത്തുന്ന അഗ്രഗേറ്റർമാർക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*