ഇനി പണമയയ്ക്കുമ്പോള്‍ അക്കൗണ്ട് മാറിപ്പോകുമോ എന്ന ഭയം വേണ്ട!; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സംവിധാനം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിങ് രീതികളായ ആര്‍ടിജിഎസ്( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം), നെഫ്റ്റ് ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) ഇടപാടുകളില്‍ ഇനി സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ കഴിയും. ആര്‍ടിജിഎസ്, നെഫ്റ്റ് എന്നി സംവിധാനങ്ങള്‍ വഴി പണമയയ്ക്കുമ്പോള്‍ അബദ്ധത്തില്‍ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്‌നം ഇനി ഉണ്ടാവില്ല. പണമയയ്ക്കുന്നതിന് മുന്‍പ് സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രില്‍ ഒന്നിന് മുന്‍പ് നടപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഇതിന് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.

നിലവില്‍ യുപിഐ, ഐഎംപിഎസ് പേയ്‌മെന്റുകളില്‍ പണമയയ്ക്കുന്നതിന് മുന്‍പ് സ്വീകര്‍ത്താവ് ആരെന്ന് അറിയാന്‍ സംവിധാനമുണ്ട്. ഇതാണ് ആര്‍ടിജിഎസ്, നെഫ്റ്റ് എന്നി ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

നിലവില്‍ ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകളില്‍ സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാന്‍ കഴിയുമായിരുന്നില്ല. അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് എന്നിവയില്‍ തെറ്റുണ്ടായാല്‍ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോകാനും സാധ്യതയുണ്ടായിരുന്നു. തട്ടിപ്പുകള്‍ക്ക് ഇരയാകാനും സാധ്യത കൂടുതലാണ്. ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം വരുന്നത്.

ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും നല്‍കിയാല്‍ അക്കൗണ്ട് ഉടമയുടെ പേര് തെളിഞ്ഞുവരുന്ന തരത്തിലാണ് സംവിധാനം. ഓണ്‍ലൈന്‍ ബാങ്കിങ്ങിന് പുറമേ ശാഖകളില്‍ നേരിട്ടെത്തി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*