അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി

അനുമതിയില്ലാതെ പാതയോരം ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്, ആറ് മാസത്തിനകം രൂപം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. 

കൊടിമരങ്ങളില്ലാത്ത ജംങ്ഷനുകള്‍ കേരളത്തില്‍ കുറവാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേയും യുവജനസംഘടനകളുടേയും കൊടിമരങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു. വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമേ, അപകടങ്ങള്‍ക്കും ഈ കൊടിമരങ്ങള്‍ വഴിവയ്ക്കുന്നുണ്ട്. എന്തായാലും കൊടിമരങ്ങളുടെ ഈ അനിയന്ത്രിത വളര്‍ച്ചയ്ക്ക് തടയിടാന്‍ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നു.

നിയമപരമായ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താല്‍ക്കാലികമായോ പുതിയ കൊടിമരങ്ങള്‍ നാട്ടുന്നത് ഹൈക്കോടതി നിരോധിച്ചു. മുമ്പ് സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച തദ്ദേശ സ്വയംഭരണ സെക്രട്ടറി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കുലര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. നടപടികളിലെ പുരോഗതി സംബന്ധിച്ച് തദ്ദേശ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണെമന്നും കോടതി നിര്‍ദ്ദേശിച്ചു.

പത്തനംതിട്ട പന്തളത്തെ മന്നം ഷുഗര്‍ മില്ലിനു മുന്നിലെ സി പി ഐ എം, ബി ജെ പി, ഡി വൈ എഫ് ഐ സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഷുഗര്‍മില്‍ കോഓപ്പറേറ്റീവ് സൊസൈറ്റി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Be the first to comment

Leave a Reply

Your email address will not be published.


*