സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരില്ല; പോലീസ് ടെലി കമ്മ്യൂണിക്കേഷൻ വിഭാ​ഗത്തില്‍ പ്രതിസന്ധി

തിരുവനന്തപുരം: പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിൻ്റെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി പ്രതിസന്ധിയിൽ. ആവശ്യത്തിന് സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. തസ്തിക വർദ്ധിപ്പിക്കണമെന്ന പോലീസ് മേധാവിയുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. 652 പുതിയ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് പോലീസ് മേധാവി നൽകിയ കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

പൊലീസ് സ്റ്റേഷനുകളിൽ ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനം വിപുലീകരിക്കാനായിരുന്നു നീക്കം. ക്രമസമാധാന ചുമതലയുള്ള 484 പോലീസ് സ്റ്റേഷനുകളിലും രണ്ട് വീതം ഉദ്യോഗസ്ഥരെ നിയമിക്കാനായിരുന്നു തീരുമാനം. സാങ്കേതിക പരിജ്ഞാനമുള്ള കൂടുതൽ ഉദ്യോഗസ്ഥർ ആവശ്യമായതോടെയാണ് തസ്തിക സൃഷ്ടിക്കാൻ പോലീസ് മേധാവി സർക്കാറിനോട് ആവശ്യപ്പെട്ടത്. 652 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് പോലീസ് മേധാവി കത്ത് നൽകിയത്.

തുണ, സിസിടിഎൻഎസ്, ഹെൽപ്പ് ഡെസ്ക് ആപ്പുകൾ കൈകാര്യം ചെയ്യുന്നതിനും സൈബർ കേസുകളിൽ സഹായിക്കാനുമാണ് ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനുകളിലേക്ക് വിന്യസിക്കാൻ തീരുമാനിച്ചത്. തസ്തിക സൃഷ്ടിക്കാൻ 2021 മുതൽ പോലീസ് മേധാവി പലവട്ടം സർക്കാരിനോട് ആവശ്യപ്പെട്ടു. ധനവകുപ്പ് തടസ്സവാദം ഉയർത്തിയതോടെ പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി. പോലീസിനെ ആധുനികവൽക്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴാണ് ഇത്തരം പരിഷ്കാരങ്ങൾക്ക് ധനവകുപ്പ് തടസ്സമാകുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*