സംസ്ഥാന പൊലീസ് മേധാവി ശിപാര്‍ശ ചെയ്തിട്ടും അജിത് കുമാറിനെതിരെ അന്വേഷണമില്ല; അനങ്ങാതെ വിജിലന്‍സ്

സംസ്ഥാന പോലീസ് മേധാവി ശിപാര്‍ശ ചെയ്തിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിക്കാതെ വിജിലന്‍സ്. അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചെത്തിയ ശേഷം നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തലുകള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്ന അജിത് കുമാറിന് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രതിപക്ഷം ഉള്‍പ്പെടെ കടുത്ത ആക്ഷേപമുയര്‍ത്തുന്നുണ്ട്.

അജിത് കുമാര്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം അജിത് കുമാറിന്റെ മൊഴി എടുത്തിരുന്നത്. എന്നാല്‍ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഇതുവരെയും ചോദ്യം ചെയ്യല്‍ നടക്കാത്തതിലും ആക്ഷേപമുയരുന്നുണ്ട്. പ്രവാസി മാമിയുടെ തിരോധാന കേസിലെ റിപ്പോര്‍ട്ടുകള്‍ എഡിജിപി വഴി അയയ്ക്കരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടതില്‍ ഡിജിപി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവ വികാസങ്ങള്‍ ഉയര്‍ത്തി എന്തിന് അജിത് കുമാറിനെ സര്‍ക്കാര്‍ വഴിവിട്ട് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് പങ്കുണ്ടെന്നായിരുന്നു പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് മാമി തിരോധാന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുകള്‍ ആരോപണ സ്ഥാനത്ത് നില്‍ക്കുന്ന എഡിജിപി വഴി പോലീസ് ആസ്ഥാനത്തേക്ക് അയക്കരുതെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഴ്സ് സഹേബ് നിര്‍ദേശം നല്‍കിയത്. ഡിഐജി വഴി റിപ്പോര്‍ട്ടുകള്‍ അയക്കാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്. എന്നാല്‍ മുന്‍ മലപ്പുറം എസ്പി ശശിധരനും കോഴിക്കോട് കമ്മിഷണര്‍ ടി നാരായണനും ഡിജിപിയുടെ വിലക്ക് ലംഘിച്ച് എംആര്‍ അജിത്കുമാര്‍ വഴി തന്നെയാണ് ഫയലുകള്‍ അയച്ചത്.

ഇത് ഒന്നിലേറെ തവണ ആവര്‍ത്തിക്കുകയും നടപടിയില്‍ ഡിജിപി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കേസിന്റെ അന്വേഷണ പുരോഗതി ആരോണവിധേയനായ ഉദ്യോഗസ്ഥന്‍ വിലയിരുത്തുന്നതിലെ അസ്വഭാവികത ഒഴിവാക്കാനുള്ള ഡിജിപിയുടെ നീക്കമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. നിര്‍ദേശം അവഗണിച്ചത് സംബന്ധിച്ച് എസ്പിയോടും കോഴിക്കോട് കമ്മഷിണര്‍ ടി നാരായണനോടും വിശദീകരണം തേടാന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഴ്സ് സാഹിബ് നിര്‍ദേശം നല്‍കിയിരുന്നു.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*