മുസ്ലിം ഇതര അംഗങ്ങളെയും വനിതകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തും; വഖഫ് നിയമ ഭേദഗതി ബില്ലില്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മുസ്ലിം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങൾ വഖഫ് നിയമഭേദഗതിബില്ലിലുണ്ടെന്ന് റിപ്പോർട്ട്. നാല്‍പ്പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു. വഖഫ് സ്വത്ത് രജിസ്‌ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഭേദഗതിയിലുണ്ട്.

11 അംഗ ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കും. മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍, എംപിമാര്‍, എംഎല്‍എമാര്‍, അതാതിടങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം. മുസ്ലിങ്ങളിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു.

വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. തര്‍ക്ക ഭൂമിയിലും സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമായിരിക്കും. റവന്യൂ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് മാത്രമെ സ്വത്തുക്കള്‍ വഖഫിലേക്ക് മാറ്റാനാകൂവെന്നും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. മുസ്ലിം ലീഗും കോണ്‍ഗ്രസും ബില്ലിനെതിരെ പ്രതിഷേധം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*