
ഹൈദരാബാദ്: രണ്ട് വർഷത്തിലേറെയായി പ്രവർത്തനരഹിതമായ ഗൂഗിൾ അക്കൗണ്ട് നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. സെപ്റ്റംബർ 20 (നാളെ) മുതലായിരിക്കും ഉപയോഗത്തിലില്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ആരംഭിക്കുക. സജീവമല്ലാത്ത അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ, അതിൽ സംഭരിച്ചിരുന്ന എല്ലാ ഡാറ്റകളും നഷ്ടപ്പെടും. വിദ്യാഭ്യാസ. വ്യവസായ സ്ഥാപനങ്ങൾക്ക് ഈ തീരുമാനം ബാധകമാകില്ലെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടാതിരിക്കാൻ എന്ത് ചെയ്യണമെന്ന് പരിശോധിക്കാം.
ആരുടെ അക്കൗണ്ടാണ് ഡിലീറ്റ് ചെയ്യപ്പെടുക?
ചിലപ്പോൾ പല ആവശ്യങ്ങൾക്കായി പല ജിമെയിൽ അക്കൗണ്ടുകൾ എടുത്തവരായിരിക്കും നിങ്ങൾ. അവസാനമായി നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് തുറന്നത് എന്നാണെന്ന് ഓർക്കുന്നുണ്ടോ? വർഷങ്ങളായി ഉപയോഗിക്കുന്നില്ലെങ്കിൽ ഉടനടി നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാവും. 2 വർഷത്തിലേറെയായി ഉപയോഗത്തിലില്ലാത്ത ജിമെയിൽ അക്കൗണ്ടുകളാകും ഡിലീറ്റ് ചെയ്യുന്നത്. അക്കൗണ്ട് ഡിലീറ്റ് ആകുന്നതിനോടൊപ്പം ഫോട്ടോകളും വീഡിയോകളും അടക്കമുള്ള ഡാറ്റകളും നഷ്ടമാകും. ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിനെ സജീവമാക്കാനാകും.
സജീവമല്ലാതിരുന്ന അക്കൗണ്ട് സംരക്ഷിക്കാൻ എന്തുചെയ്യണം?
- ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യുക
- ഇമെയിൽ തുറക്കുക
- ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക
- ഗൂഗിൾ അക്കൗണ്ട് വഴി യൂട്യൂബ് കാണുക
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക
- ഗൂഗിളിൽ എന്തെങ്കിലും സെർച്ച് ചെയ്യുക
- ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് തേർഡ് പാർട്ടി വെബ്സൈറ്റുകൾ സൈൻ ഇൻ ചെയ്യുക
ഇത്തരം പ്രവർത്തനങ്ങൾ ഗൂഗിൾ നിരീക്ഷിക്കും. അതിനാൽ തന്നെ മുകളിൽ പറഞ്ഞ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വഴി നിങ്ങളുടെ അക്കൗണ്ട് സജീവമാണെന്ന് ഗൂഗിൾ നിർണയിക്കും. ഇതിൽ ഏതെങ്കിലും കാര്യങ്ങൾ ചെയ്ത് നിങ്ങളുടെ അക്കൗണ്ടുകളെ സംരക്ഷിക്കുക. അല്ലാത്തപക്ഷം അക്കൗണ്ടിലെ എല്ലാ ഡാറ്റകളും നഷ്ടമാകും. 2 വർഷത്തോളമായി ഉപയോഗിക്കാത്ത അക്കൗണ്ടുകളുടെ ഇമെയിൽ വിലാസത്തിലേക്ക് അറിയിപ്പ് അയക്കും. തുടർന്നും നിഷ്ക്രിയമായി തുടരുകയാണെങ്കിൽ ആണ് ഗൂഗിൾ അക്കൗണ്ട് ഇല്ലാതാക്കുക.
ഗൂഗിളിന്റെ പുതിയ നടപടി എന്തിന്?
സൈബർ സുരക്ഷ കണക്കിലെടുത്താണ് ഗൂഗിളിന്റെ പുതിയ തീരുമാനം. ഗൂഗിൾ ഇൻ ആക്റ്റീവ് അക്കൗണ്ട് പോളിസി പ്രകാരമാണ് രണ്ട് വർഷമായി ഉപയോഗത്തിലില്ലാത്ത ഗൂഗിൾ അക്കൗണ്ടുകൾ സെപ്റ്റംബർ 20ന് ശേഷം ഡിലീറ്റ് ചെയ്യുന്നത്. സൈബർ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് നിഷ്ക്രിയ അക്കൗണ്ടുകളാണെന്നാണ് ഗൂഗിൾ പറയുന്നത്. കൂടാതെ സജീവമല്ലാത്ത അക്കൗണ്ടഉഖം വൻ സാമ്പത്തിക ചെലവ് വരുത്തിവയ്ക്കുന്നുണ്ട്. ഇത്തരം കാരണങ്ങൾ കണക്കിലെടുത്താണ് പുതിയ സുരക്ഷ അപ്ഡേറ്റുകൾ പിന്തുടരാത്ത, രണ്ട് വർഷത്തിലേറെയായി ഉപയോഗത്തിലില്ലാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും ഗൂഗിൾ അറിയിച്ചു.
Be the first to comment