ന്യൂഡല്‍ഹി: പത്താമത് സ്‌പെക്ട്രം ലേലത്തിന് ഇന്ന് തുടക്കമാകും. 96,238 കോടി മൂല്യം വരുന്ന, മൊബൈല്‍ സര്‍വീസുമായി ബന്ധപ്പെട്ട 10,500 മെഗാ ഹെര്‍ട്‌സ് റേഡിയോ തരംഗങ്ങളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്.
ഫൈവ് ജി സേവനങ്ങള്‍ക്ക് വേണ്ടിയുള്ള റേഡിയോ തരംഗങ്ങളാണ് സ്‌പെക്ട്രം ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022ലാണ് ആദ്യമായി ഫൈവ് ജി സേവനങ്ങള്‍ക്ക് വേണ്ടിയുള്ള റേഡിയോ തരംഗങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയത്. ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ടെലികോം സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz, 3300 MHz, 26 Ghz എന്നി സ്‌പെക്ട്രം ബാന്‍ഡുകളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. മൊത്തം 96,238.45 കോടി രൂപ വിലമതിക്കുന്ന 10,522.35 മെഗാഹെര്‍ട്‌സ് റേഡിയോ തരംഗങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.3300 MHz, 26 Ghz എന്നിവയാണ് ഫൈവ് ജി സേവനങ്ങള്‍ക്ക് അനുയോജ്യമായ റേഡിയോ തരംഗങ്ങള്‍.
റിലയന്‍സ് ജിയോ സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂറായി 3000 കോടി രൂപ കെട്ടിവെച്ചിട്ടുണ്ട്. ലേലത്തിലൂടെ പരമാവധി റേഡിയോ തരംഗങ്ങള്‍ വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാരതി എയര്‍ടെല്‍ 1,050 കോടി രൂപയും വിഐഎല്‍ 300 കോടി രൂപയുമാണ് കെട്ടിവെച്ചിരിക്കുന്നത്. മൊത്തം സ്‌പെക്ട്രം മൂല്യത്തിന്റെ 37.36 ശതമാനം റിലയന്‍സ് ജിയോയ്ക്ക് ലേലം വിളിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഭാരതി എയര്‍ടെലിന് 13.07 ശതമാനവും വിഐയ്ക്ക് 3.73 ശതമാനവും എന്ന നിലയിലാണ് ലേലം വിളിക്കാന്‍ സാധിക്കുക. ജിയോ 800 മെഗാഹെര്‍ട്സ് ബാന്‍ഡിനായി മാത്രം ലേലം വിളിക്കാന്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മാത്രം 18,000 കോടി രൂപ വേണ്ടി വരുമെന്നാണ് സൂചന.
Be the first to comment