
ന്യൂയോർക്ക്/ ബാർബഡോസ്: ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ രണ്ടു ടീമുകൾമാത്രമേ രണ്ടുതവണ ജേതാക്കളായിട്ടുള്ളൂ. അതിലൊന്ന് വെസ്റ്റിൻഡീസാണ്. പപ്പുവ ന്യൂഗിനിയെ നേരിടുമ്പോൾ മൂന്നാംകിരീടത്തിലേക്കാണ് വിൻഡീസിന്റെ കണ്ണ്. രാത്രി എട്ടിനാണ് കളി. മറ്റൊരു മത്സരത്തിൽ രാവിലെ ആറിന് സഹ ആതിഥേയരായ അമേരിക്ക ക്യാനഡയുമായി കളിക്കും. പ്രഥമ ചാമ്പ്യൻമാരായ ഇന്ത്യക്ക് അഞ്ചിന് അയർലൻഡുമായാണ് ആദ്യകളി. ഇരുപതു ടീമുകളാണ് ഇക്കുറി. നാലു ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലും രണ്ടു കരുത്തന്മാരെങ്കിലുമുണ്ട്. അട്ടിമറിസാധ്യതയില്ലെങ്കിൽ സൂപ്പർ എട്ടിലേക്ക് വമ്പൻ ടീമുകളായിരിക്കും മുന്നേറുക.
വിൻഡീസിനും ഇന്ത്യക്കും പുറമെ, പാകിസ്ഥാൻ, നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളും പ്രതീക്ഷയോടെ ഇറങ്ങുന്നു. അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളും മുന്നേറാനുള്ള തയ്യാറെടുപ്പിലാണ്. കൂറ്റനടിക്കാരുടെ സംഘമാണ് വിൻഡീസ്. ട്വന്റി20ക്ക് യോജിച്ച ഒരുകൂട്ടം കളിക്കാർ. റോവ്‌മാൻ പവലാണ് ക്യാപ്‌റ്റൻ. ഈ സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം പുറത്തെടുത്താണ് പവൽ നാട്ടിലേക്ക് തിരിച്ചെത്തിയത്. ഷായ് ഹോപ്, ബ്രണ്ടൻ കിങ്, നിക്കോളാസ് പുരാൻ, ആന്ദ്രേ റസെൽ, ഷിംറോൺ ഹെറ്റ്‌മയെർ, ഷമർ ജോസഫ് തുടങ്ങിയവരാണ് ടീമിൽ. എ ഗ്രൂപ്പിൽ ഇന്ത്യക്ക് പാകിസ്ഥാനാണ് പ്രധാന എതിരാളി. ഗ്രൂപ്പിൽ രണ്ടു ടീമുകൾ സൂപ്പർ എട്ടിലേക്ക് മുന്നേറും. അതിനാൽ അനായാസമായി എത്താനാകുമെന്നാണ് രോഹിത് ശർമയുടെയും കൂട്ടരുടെയും പ്രതീക്ഷ. 2007നുശേഷം ആദ്യ ട്വന്റി20 ലോക കിരീടമാണ് ലക്ഷ്യം. വിരാട് കോഹ്‌ലിയാണ് ശ്രദ്ധാകേന്ദ്രം.
രണ്ടാംപതിപ്പിലെ ജേതാക്കളായ പാകിസ്ഥാന് 2009നുശേഷം കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ പതിപ്പിൽ ഇംഗ്ലണ്ടിനോട് ഫൈനലിൽ തോൽക്കുകയായിരുന്നു. ബാബർ അസമിനെ ക്യാപ്‌റ്റനായി തിരികെ കൊണ്ടുവന്നാണ് പാകിസ്ഥാൻ ഒരുങ്ങിയത്. മികച്ച ബൗളർമാരാണ് പാകിസ്ഥാന്റെ ശക്തി. ഷഹീൻഷാ അഫ്രീദി, മുഹമ്മദ് അമീർ, നസീം ഷാ, ഉസ്‌മാൻ ഖാൻ, ഹാരിസ് റൗഫ് എന്നിവരുൾപ്പെട്ടതാണ് പാക് ബൗളിങ് നിര. മിച്ചെൽ മാർഷാണ് ഓസീസ് ക്യാപ്‌റ്റൻ. ഏകദിന ലോകകപ്പ് നായകൻ പാറ്റ് കമ്മിൻസ് ടീമിനൊപ്പമുണ്ട്. ഓപ്പണർ ട്രാവിസ് ഹെഡാണ് അപകടകാരി. ഗ്ലെൻ മാക്‌സ്‌വെൽ, മാർക് സ്‌റ്റോയിനിസ് എന്നിവർ ഏതു മത്സരവും ഒറ്റയ്‌ക്ക് ജയിപ്പിക്കാൻ കഴിയുന്നവരാണ്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടാണ് ഓസീസിന് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ടീം. ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യൻമാരാണ്. ജോസ് ബട്‌ലറുടെ ടീം കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. മൂന്നാംകിരീടമാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. പേസർ ജോഫ്ര ആർച്ചെർ നീണ്ട ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റർ ഫിൽ സാൾട്ട്, വിൽ ജാക്‌സ്, ജോണി ബെയർസ്‌റ്റോ, ലിയാം ലിവിങ്‌സ്‌റ്റൺ എന്നിവരും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നു.
ലോകകപ്പിൽ കന്നിക്കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നം. എയ്‌ദെൻ മാർക്രമാണ് ക്യാപ്‌റ്റൻ. ഹെയ്‌ൻറിച്ച് ക്ലാസെനാണ് ടീമിന്റെ കുന്തമുന. ക്വിന്റൺ ഡി കോക്ക്, ട്രിസ്റ്റൺ സ്റ്റബ്‌സ്, ഡേവിഡ് മില്ലർ, കഗീസോ റബാദ, ആൻറിച്ച് നോർത്യെ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്. കെയ്‌ൻ വില്യംസനുകീഴിൽ ഇറങ്ങുന്ന ന്യൂസിലൻഡിന് ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ഡെവൺ കോൺവെ പരിക്ക് മാറി തിരിച്ചെത്തുന്നത് ന്യൂസിലൻഡിന് കരുത്തുപകരും. ട്രെന്റ് ബോൾട്ട്, ഡാരിൽ മിച്ചെൽ, രചിൻ രവീന്ദ്ര, ലോക്കി ഫെർഗൂസൻ, മിച്ചെൽ സാന്റ്‌നെർ എന്നിവരാണ് പ്രധാന താരങ്ങൾ.
Be the first to comment