കോട്ടയം: മന്നം ജയന്തി ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് ഉദ്ഘാടനത്തിനായി കിട്ടിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
പരിപാടിക്കായി രമേശിനെ വിളിച്ചപ്പോള്‍ കൃതജ്ഞത പറയാനായാലും താന്‍ എത്തുമെന്നാണ് രമേശ് പറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശിന്റെ വരവിനെ വിവാദമാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഒരുനായര്‍ വന്നാലേ അവര്‍ക്ക് കുഴപ്പമുള്ളു. മറ്റ് ആരു വന്നാലും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കാറില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എന്ന മുദ്രയില്‍ അല്ല രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായി ക്ഷണിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഉപയോഗിച്ച് നായന്‍മാര്‍ക്ക് നേട്ടം ഉണ്ടാക്കാനല്ല. കളിച്ചുനടന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല. എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസില്‍ വിവിധ രാഷ്ട്രീയക്കാരുണ്ട്. ഇടതുപക്ഷത്ത് നില്‍ക്കുന്നവനാണ് ഗണേഷ് കുമാര്‍. ഗണേഷിന്റെ രാഷ്ട്രീയത്തില്‍ ജാതിയുടെ പേര് പറഞ്ഞ് എന്‍എസ്എസ് ഇടപെടുന്നില്ല. അവര്‍ക്ക് അവരവരുടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. അവര്‍ക്ക് അത് ഉപയോഗിക്കാം. അവരുടെ കുടുംബം മറക്കരുത് എന്നുമാത്രമാണ് പറയാനുള്ളത്. അവര്‍ കുടുംബം മറക്കാത്തതുകൊണ്ടാണ് അവരെ ഉള്‍ക്കൊള്ളുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
Be the first to comment