മുതിര്‍ന്ന ആണവ ശാസ്‌ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു, വിടവാങ്ങിയത് ആണവ ശാസ്‌ത്രരംഗത്തെ അതികായന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ആണവ ശാസ്‌ത്രജ്ഞന്‍ രാജഗോപാല ചിദംബരം (88) അന്തരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ 3.20ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. ആണവോര്‍ജ്ജ വകുപ്പ് അധികൃതരാണ് ഇദ്ദേഹത്തിന്‍റെ മരണവിവരം പങ്കുവച്ചത്. 1975ലെ ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്‌ത്രജ്ഞനാണ് ചിദംബരം.

ആണവായുധ പരിപാടികളുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ മുഖ്യ ശാസ്‌ത്രോപദേഷ്‌ടാവും ആണവോര്‍ജ്ജ കമ്മിഷന്‍ അധ്യക്ഷനുമായിരുന്നു. 1975ല്‍ പദ്‌മശ്രീയും 1999ല്‍ പദ്‌മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.രാജ്യത്തെ അടിസ്ഥാന ശാസ്‌ത്രത്തിനും ആണവ സാങ്കേതികതയ്ക്കും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കി.

ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് 1962ലാണ് അദ്ദേഹത്തിന് ഡോക്‌ടറേറ്റ് ലഭിച്ചത്. അതേ വര്‍ഷം തന്നെ അദ്ദേഹം ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ ചേര്‍ന്നു. 1990ല്‍ അദ്ദേഹം ഇതിന്‍റെ മേധാവിയായി.

1993 മുതല്‍ 2000 വരെ രാജ്യത്തെ ആണവോര്‍ജ്ജ കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 1975ല്‍ പൊഖ്റാനില്‍ നടന്ന സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവ സ്ഫോടന പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1988ല്‍ പൊഖ്റാനില്‍ നടന്ന അണുപരീക്ഷണങ്ങളുടെ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും ഇദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കിയത്. ഡിആര്‍ഡിഒയുമായി സഹകരിച്ചായിരുന്നു ഈ പരീക്ഷണങ്ങള്‍.

ആണവോര്‍ജ്ജ വകുപ്പിന്‍റെ നേതൃത്വത്തിലിരിക്കെ രാജ്യത്തെ ആണവ പ്ലാന്‍റുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക സ്വാധീനം ചെലുത്തി. 1994-95ല്‍ രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി(ഐഎഇഎ) ഭരണസമിതി അധ്യക്ഷനുമായിരുന്നു.

2008ല്‍ അദ്ദേഹത്തെ ഐഎഇഎയുടെ എമിനന്‍റ് പേഴ്‌സണ്‍ ഓഫ് കമ്മീഷന്‍റെ അംഗമായി നിയോഗിച്ചു. 2020നും അപ്പുറവും ഐഎഇഎയുടെ പങ്കിനെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ടിയായിരുന്നു ഇത്. 1990 മുതല്‍ 1999 വരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓഫ് ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രഫിയുടെ വൈസ്‌ പ്രസിഡന്‍റുമായിരുന്നു.

പദ്‌മശ്രീയ്ക്കും പദ്‌മ വിഭൂഷണും അപ്പുറം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അവയില്‍ ചിലത് ഇവയാണ്.

1. ബെംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മികച്ച പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം(1991)

2. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയുടെ രണ്ടാം ജവഹര്‍ലാല്‍ നെഹ്‌റു ജന്മ ശതാബ്‌ദി രാജ്യാന്തര വിസിറ്റിങ് ഫെല്ലോഷിപ്പ്(1992)

3. ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസ് അസോസിയേഷന്‍റെ സി വി രാമന്‍ ജന്മ ശതാബ്‌ദി പുരസ്‌കാരം (1995)

4. ലോകമാന്യ തിലക് പുരസ്‌കാരം(1998)

5. വീര്‍സവര്‍ക്കര്‍ പുരസ്‌കാരം(1999)

6. ദാദാബായ് നവറോജി സഹസ്രബ്‌ദി പുരസ്‌കാരം(1999)

7. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ മേഘനാദ് സഹ മെഡല്‍(2002)

8. ശ്രീ ചന്ദ്രശേഖര സരസ്വതി നാഷണല്‍ എമിനന്‍സ് പുരസ്‌കാരം(2003)

9. ഇന്ത്യന്‍ ന്യൂക്ലിയാര്‍ സൊസൈറ്റിയുടെ ഹോമി ഭാഭ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം(2006)

10. ആജീവനാന്ത സംഭാവനകള്‍ക്കുള്ള ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ് എന്‍ജിനീയറിങ് പുരസ്‌കാരം(2009)

11.ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയുടെ സി വി രാമന്‍ മെഡല്‍(2013)

12. കൗണ്‍സില്‍ ഓഫ് പവര്‍ യുട്ടിലീറ്റിസിന്‍റെ ആജീവനാന്ത പുരസ്‌കാരം(2014)

Be the first to comment

Leave a Reply

Your email address will not be published.


*