കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം ;നിലപാട് തിരുത്തി മന്ത്രി വീണ ജോർജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി പീഡനത്തിനിരയായ സംഭവത്തില്‍ നടപടി നേരിട്ട നഴ്സിങ് ഓഫീസർ പി ബി അനിതയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ അനിതയ്ക്ക് നിയമനം നല്‍കും. ഇതിനായുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഐസിയുവിൽ രോഗി പീഡനത്തിരയായ സംഭവത്തിൽ വീഴ്ചപറ്റിയെന്ന അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അനിതയ്ക്കെതിരായ നടപടി. എന്നാല്‍ അനിതയെ തിരികെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ആരോഗ്യവകുപ്പ് തയാറായിരുന്നില്ല.

കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് അനിത മെഡിക്കല്‍ കോളേജില്‍ ആരോഗ്യവകുപ്പിനെതിരെ സമരം ആരംഭിക്കുകയും അതിജീവിത പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കണ്ണുകെട്ടിയായിരുന്നു അതിജീവിതയുടെ പ്രതിഷേധം. കണ്ണുതുറക്കാത്ത ആരോഗ്യമന്ത്രിക്കെതിരെയാണ് കണ്ണുകെട്ടിയുള്ള സമരമെന്നായിരുന്നു അതിജീവിതയുടെ വിശദീകരണം. അനിതയുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

2023 മാർച്ച് 18നായിരുന്നു ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ തുടർന്ന യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ആറ് വനിതാ ജീവനക്കാർ യുവതിയെ മൊഴിമാറ്റുന്നതിനായി ഭീഷണിപ്പെടുത്തിയതായി അനിത റിപ്പോർട്ട് നല്‍കി. ഇത് സംബന്ധിച്ച് മൊഴി നല്‍കിയ അനിത, ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവർക്കെതിരെ നടപടിയുണ്ടായി. മൂവരേയും ആരോഗ്യവകുപ്പ് സ്ഥലം മാറ്റുകയായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലില്‍ നിന്ന് സ്റ്റേ ലഭിച്ച ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവർ ജോലിയില്‍ തിരികെ പ്രവേശിക്കുകയുമായിരുന്നു. അനിതയ്ക്ക് നിയമനം നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. ഇതിനെതിരെയാണ് അനിത ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. തുടർന്നും അനിത തെറ്റുചെയ്തെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന ന്യായമാണ് മന്ത്രി വീണ പറഞ്ഞത്. എന്നാൽ, അനിതയുടെ സമരം തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെതിരായി മാറുമെന്ന് വ്യക്തമായതോടെയാണ് മന്ത്രിയുടെ നിലപാട് മാറ്റം.

Be the first to comment

Leave a Reply

Your email address will not be published.


*