തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനത്തില്‍ ഹെല്‍ത്ത് പ്രൊഫഷണലുകളെ വലിയ രീതിയില്‍ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാന്‍ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അതിനനുസരിച്ചുള്ള ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളേജുകള്‍ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ മേഖലയില്‍ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നാഷണല്‍ നഴ്‌സിംഗ് കൗണ്‍സില്‍ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കും. സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നഴ്‌സിംഗ് കോളേജുകളും ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ നഴ്‌സിംഗ് സ്‌കൂളുകളുമുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലും നഴ്‌സിംഗ് കോളേജുകളുണ്ട്. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും രണ്ട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളും അഞ്ച് സ്വകാര്യ നഴ്‌സിംഗ് കോളേജുകളും മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്‌സിംഗ് സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിപ്പിക്കാനായത്. പോസ്റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ബി.എസ്.സി. നഴ്‌സുമാരെ ഗണ്യമായി വര്‍ധിപ്പിക്കണം. ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി തുടങ്ങിയ എം.എസ്.സി. നഴ്‌സിംഗ് വിഭാഗത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനാകണം. തിരുവനന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളില്‍ എം.എസ്.സി. സൈക്യാട്രി നഴ്‌സിംഗ് ആരംഭിക്കും. അടുത്ത വര്‍ഷം മുതല്‍ എം.എസ്.സി. നഴ്‌സിംഗില്‍ പുതിയ സ്‌പെഷ്യാലിറ്റികള്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വേണ്ടിയുള്ള നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസല്‍ നല്‍കാന്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ആരോഗ്യ സര്‍വകലാശാല, നഴ്‌സിംഗ് കൗണ്‍സില്‍ എന്നിവരുടെ പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. നഴ്‌സിംഗ് മേഖലയിലെ വിവിധ പ്രശ്‌നങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഹബീബ്, ജോ. നഴ്‌സിംഗ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സലീന ഷാ, അഡീ. ഡയറക്ടര്‍ നഴ്‌സിംഗ് എം.ജി. ശോഭന, ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. മനോജ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ സുലേഖ, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Be the first to comment