കുന്നുംഭാഗം ഗവണ്മെൻ്റ് സ്കൂളിൽ പോഷകസമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിൽ പോഷകസമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുന്നു.   ‘കാതൽ പ്രാതൽ’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ (വെള്ളി) രാവിലെ 10ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. 

വാർഡ് മെംബറും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആന്റണി മാർട്ടിൻ ജോസഫിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മുട്ട, പാൽ, ഏത്തപ്പഴം, തേൻ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ പദാർഥങ്ങൾ എല്ലാ ദിവസവും രാവിലെ കുട്ടികൾക്കു നൽകുകയെന്നതാണ് കാതൽ പ്രാതൽ പദ്ധതിയുടെ ലക്ഷ്യം. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് കുടുംബശ്രീ, പൂർവവിദ്യാർഥികൾ, വിവിധ സംഘടനകൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതിക്കുള്ള തുക കണ്ടെത്തുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബർ ടി.എൻ. ഗീരിഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബി. രവീന്ദ്രൻ നായർ, ഹെഡ്മാസ്റ്റർ ടി.എൻ. ജയചന്ദ്രൻ, പിടിഎ പ്രസിഡന്റ് എ.ജി. ബാബു, പൂർവവിദ്യാർഥി പ്രതിനിധികളായ ഗീരിഷ് എസ്. നായർ, കെ.ടി. തോമസ് കരിപ്പാപറമ്പിൽ, ബേബിച്ചൻ ഏർത്തയിൽ, മാർട്ടിൻ ജോൺ പേഴത്തുവയലിൽ, അനിൽകുമാർ വെട്ടിക്കാപള്ളിൽ എന്നിവർ പ്രസംഗിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*