ഓട്‌സ് പതിവായി കഴിക്കാം; ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നവർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന ഒന്നാണ് ഓട്‌സ്. നിരവധി ഗുണങ്ങൾ അടങ്ങിയ ഓട്‌സ് പോഷകസമൃദ്ധമായ ഒരു ധാന്യമാണ്. നാരുകളും പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റും മറ്റ് അവശ്യ പോഷകങ്ങളും ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറച്ച് ഫിറ്റായിരിക്കാൻ ഓട്‌സ് വളരെയധികം സഹായിക്കുന്നു. ഓട്‌സ് പല വിധേന നിങ്ങൾക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. എന്നാൽ പ്രഭാതഭക്ഷണമായി കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണം നൽകുന്നു. രാവിലെ ഓട്‌സ് കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. ഓട്‌സിൻ്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ശരീരത്തിന് ഊർജം നൽകുന്നു

ഓട്‌സ് കഴിക്കുന്നത് ശരീരത്തെ കൂടുതൽ നേരം ഊർജ്ജത്തേടെ നിലനിർത്താൻ സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും.

നാരുകളാൽ സമ്പുഷ്‌ടമാണ്

ഓട്‌സിൽ ബീറ്റാ ഗ്ലൂക്കൻ, അപൂരിത കൊഴുപ്പ് എന്നീ ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്‌നങ്ങൾ അകറ്റാൻ നല്ലതാണ്. കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കുന്നു

ഓട്‌സിൽ ആന്‍റി ഒക്‌സിഡന്‍റുകൾ, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ (എൽഡിഎൽ) അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹം ചെറുതുക്കാനും ഓട്‌സ് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള അന്നജം പെട്ടന്ന് ദഹിക്കാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് വർധിക്കാതിരിക്കാൻ ഇത് ഉത്തമമാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

ഓട്‌സിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ അകറ്റാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓട്‌സ് പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

ശരീരഭാരം നിലനിർത്തുന്നു

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഓട്‌സ്. ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. മിതമായ അളവിൽ ഓട്‌സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പേശികളെ ശക്തിപ്പെടുത്തുന്നു

ഓട്‌സിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ പേശികളുടെ ബലം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ ടിഷ്യു റിപ്പയർ പ്രക്രിയയ്ക്കും ഇത് സഹായിക്കുന്നു. അതിനാൽ സസ്യാഹാരികളായ ആളുകൾക്ക് ഒരു മികച്ച ഓപ്ഷനാണ് ഓട്‌സ്.

നിരവധി ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്‌സ്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും വൈറസുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*