മലയാളിയുടെ വിദേശ ജോലി സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ഒഡെപെക്

ഒഡെപെക് വഴി 139 പേര്‍ കൂടി ജോലിയ്ക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക് പറക്കുന്നു. ഇവര്‍ക്കുള്ള യാത്ര രേഖകള്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു. തുര്‍ക്കിയിലെ ഷിപ്യാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 63 ടെക്നീഷ്യന്മാര്‍, സൗദി അറേബ്യയിലെ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 32 വെയര്‍ ഹൗസ് അസ്സോസിയേറ്റ്, ജര്‍മ്മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 22 നഴ്‌സുമാര്‍, സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലു നഴ്‌സുമാര്‍, ഉന്നത പഠനത്തിനായി ഓസ്ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ലഭിച്ച 18 വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇതില്‍ ഉള്ളത്.

ജര്‍മ്മനിയിലേക്കുള്ള നഴ്‌സുമാര്‍, സൗദിയിലേക്കുള്ള വെയര്‍ ഹൗസ് അസോസിയേറ്റ് എന്നിവരുടെ നിയമനം തികച്ചും സൗജന്യമാണ്. വിസ, എയര്‍ ടിക്കറ്റ്, എന്നിവയ്ക്ക് പുറമെ ജര്‍മ്മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാര്‍ക്ക് സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനവും നല്‍കിയിരുന്നു. തുര്‍ക്കിയിലേക്കും സൗദി ആരോഗ്യ മന്ത്രാലയത്തിലേക്കും നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച തുച്ഛമായ സര്‍വീസ് ചാര്‍ജ് മാത്രമാണ് ഒഡെപെക് വാങ്ങുന്നത്.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പുറമെ അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍ ജര്‍മ്മനി, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കുന്നതിനുള്ള നടപടികള്‍ ഒഡെപെക് മുഖേന പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഒഡെപെക് മുഖേനയുള്ള ഭൂരിഭാഗം റിക്രൂട്‌മെന്റുകളും സൗജന്യമാണ്. ചുരുക്കം ചില നിയമനങ്ങള്‍ക്ക് മാത്രമാണ് സര്‍വീസ് ചാര്‍ജ് വാങ്ങുന്നത്. ആ തുക സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമാണ് ഈടാക്കുന്നത്. ജര്‍മ്മനി, യു.കെ., ബെല്‍ജിയം, തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തുന്ന നഴ്‌സുമാരുടെ നിയമങ്ങളെല്ലാം തികച്ചും സൗജന്യമാണ്. ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലേക്ക് ആവശ്യമായ വിദേശ ഭാഷാ പരിശീലനം സൗജന്യമായി നല്‍കുന്നതിനോടൊപ്പം പ്രസ്തുത പരിശീലനത്തിലേര്‍പ്പെടുന്നവര്‍ക്കു പതിനായിരം രൂപ മുതല്‍ പതിനയ്യായിരം രൂപ വരെ പ്രതിമാസം സ്‌റ്റൈപെന്‍ഡും നല്‍കുന്നുണ്ട്.

ഇവയ്ക്കു പുറമെ ഓസ്‌ട്രേലിയ, ഓസ്ട്രിയ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കാനുള്ള നടപടികളും ഒഡെപെക് ആരംഭിച്ചിട്ടുണ്ട്. വിദേശ ഭാഷാ പരിശീലനം നല്‍കുന്നതിനായി ഒഡെപെക് തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട്, ന്യൂഡല്‍ഹി പത്തനംതിട്ട എന്നിവിടങ്ങളില്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ സ്ഥലങ്ങളില്‍ ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കാവശ്യമായ യോഗ്യത നേടുന്നതിനുള്ള ട്രെയിനിംഗ് സൗകര്യങ്ങള്‍, മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ഭാഷാപരിജ്ഞാനം ഇവ ആവശ്യാനുസരണം പരിശീലനസൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അവരുടെ സ്‌കോര്‍ അനുസരിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള നിയമനസേവനങ്ങളും ഒഡെപെക് നല്‍കിവരുന്നു.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഒഇടി പരീക്ഷാകേന്ദ്രം 2021 ജനുവരിയില്‍ കേരളത്തില്‍ അങ്കമാലിയില്‍ ഒഡെപെക് ആരംഭിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പരീക്ഷാകേന്ദ്രമാണ് ഇത്. ജര്‍മ്മന്‍ ഭാഷയുടെ അംഗീകൃത പരീക്ഷയായ ടെല്‍ക് പരീക്ഷാകേന്ദ്രവും ഉടനെ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു.

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ആസ്‌ട്രേലിയ, യുകെ, തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പഠിച്ച് ഉന്നത ബിരുദവും ബിരുദാനന്തരബിരുദവും കൈവശമാക്കുന്നതിനും തുടര്‍ന്ന് അവര്‍ക്ക് ഉന്നതജോലി ഉറപ്പാക്കുന്നതിനുമായി സ്റ്റഡി എബ്രോഡ് എന്ന പുതിയ പദ്ധതികൂടി ഒഡെപെക് ആവിഷ്‌കരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനം ആഗ്രഹിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പും ഒഡെപെകും ചേര്‍ന്ന് നടപ്പാക്കുന്ന ”ഉന്നതി സ്‌കോളര്‍ഷിപ്പ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ്” എന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ഒഡെപെകിനെ ആണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ വര്‍ഷംതോറും 310 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*