ഒഡീഷയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഭുവനേശ്വര്‍: ഒഡീഷ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജി വച്ചു. നാളെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും. മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന്‍റെ  നിര്‍ദ്ദേശ പ്രകാരമാണ് എല്ലാ മന്ത്രിമാരും രാജിവച്ചത്. വിവാദങ്ങളില്‍ പെട്ടവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല എന്നാണ് നവീന്‍ പട്നായിക്കിന്‍റെ നിലപാട്.  യുവാക്കളും, അനുഭവസമ്പത്തുള്ളവരും പുതിയ മന്ത്രിസഭയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി നവീന്‍ പട് നായിക്ക്  വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിലെ ബിജു ജനതാദള്‍ നേടിയ മികച്ച വിജയവും മന്ത്രിസഭ പുനസംഘടനക്ക്  ഊര്‍ജ്ജമായിട്ടുണ്ട്.

 ഞായറാഴ്ച രാവിലെ 11.45ന് രാജ്ഭവനിലെ  കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റായ ലോക് സേവാഭവനിലേക്ക് മന്ത്രിമാരെ വിളിച്ചുവരുത്തിയാണ് രാജി സ്വീകരിച്ചത്. പുരി സന്ദർശനത്തിനെത്തിയ ഗവർണർ പ്രൊഫ.ഗണേഷി ലാലിനെ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിന് ശേഷം ഗവർണർ ജൂൺ 20 മുതൽ റോമും ദുബായും സന്ദർശിക്കാന്‍ പുറപ്പെടും എന്നതിനാല്‍  തിങ്കളാഴ്ചയ്ക്കകം പുതിയ മന്ത്രിമാരുടെ  സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നത് എന്നാണ് ബിജെഡി കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച ഒഡീഷയിലെ ബ്രജ്രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ബിജെഡി വന്‍ വിജയം നേടിയിരുന്നു.  അളക മൊഹന്തി  65,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.  കോൺഗ്രസിന്റെ കിഷോർ പട്ടേലിനെയാണ് തോല്‍പ്പിച്ചത്. ബിജെഡി എംഎല്‍എ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ്  ഉപതെരഞ്ഞെടുപ്പ് നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*