
ചരിത്രത്തിലാദ്യമായി ഒഡിഷയില്‍ ബിജെപി അധികാരമേല്‍ക്കുമ്പോള്‍ കാല്‍ നൂറ്റാണ്ട് നീണ്ട ബിജെഡിയുടെ ഭരണത്തിന് കൂടിയാണ് അവസാനമാകുന്നത്. 2000 മുതല്‍ ഒഡീഷ ഭരിച്ചിരുന്ന ബിജു ജനതാ ദളിന്റെയും നവീന്‍ പട്നായിക്കിന്റെയും തട്ടകം ഇനി ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള മോഹന്‍ ചരണ്‍ മാജി നിയന്ത്രിക്കും. ഒഡീഷയുടെ 15ാം മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
നേരത്തെ ബിജെഡിക്കൊപ്പം സഖ്യകക്ഷിയായി ബിജെപി ഭരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി തനിച്ച് അധികാരത്തിലേറുന്നത്. കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വനംവകുപ്പ് മന്ത്രി ഭുപിന്ദര്‍ യാദവും അടങ്ങുന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ഏകകണ്ഠമായാണ് മാജിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
മുന്‍ മന്ത്രിയും പത്‌നാഗഡ് എംഎല്‍എയുമായ കെവി സിങ്ങ് ഡിയോയെയും ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട പ്രവതി പരിദയെയും ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തു. നേരത്തെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഉപമുഖ്യമന്ത്രിയായി രണ്ട് പേരെ നിയമിച്ച അതേ മാതൃക തന്നെയാണ് ബിജെപി ഇവിടെയും പയറ്റിയിരിക്കുന്നത്. ഗോത്ര വിഭാഗത്തില്‍ നിന്നുമുള്ള മുഖ്യമന്ത്രിയായും ആദ്യമായി വിജയിച്ച പ്രവതി പരിദയെ ഉപമുഖ്യമന്ത്രിയായും നിയമിച്ചതിലൂടെ വനിതാ പ്രതിനിധാനവും ബിജെപി സാധ്യമാക്കിയിരിക്കുകയാണ്.
ജനതാ മൈതാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ അണിനിരത്തിയായിരിക്കും ഇന്ന് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുന്നത്. നിലവിലെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. നവീന്‍ പട്‌നായിക്കിനെ ക്ഷണിച്ചിട്ടുണ്ടെന്നും സമാനമായി കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണെന്നുമാണ് കഴിഞ്ഞ ദിവസം മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന് സമീര്‍ മോഹന്‍ടി വ്യക്തമാക്കിയത്. ഗവര്‍ണര്‍, ആര്‍ബിഐ ഗവര്‍ണര്‍, മുഖ്യമന്ത്രിമാര്‍, പത്മ അവാര്‍ഡ് ജേതാക്കള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
Be the first to comment