
ഇന്ത്യ മികച്ച തയ്യാറെടുപ്പുകളാണ് പാരിസ് ഒളിംപിക്‌സിനായി നടത്തുന്നതെന്ന് ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ. ഇന്ത്യൻ താരങ്ങൾ ഇത്തവണ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും ടോക്കിയോയിലെക്കാള്‍ മെഡൽ നേട്ടം ഉണ്ടാവുമെന്നും പി ടി ഉഷ പറഞ്ഞു. പാരിസില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി ലോകോത്തര സൗകര്യങ്ങളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നതെന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ലഭിച്ചുവെന്നും പി ടി ഉഷ വ്യക്തമാക്കി.
കഴിഞ്ഞ ഒളിംപിക്‌സിൽ നേരിട്ട പോരായ്‌മകൾ മറികടക്കാനായി. ഗോൾഫ് മത്സരം നടക്കുന്ന സ്ഥലത്ത് തന്നെ താരങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കും അവർക്ക് അനുയോജ്യമായ സ്ഥലത്താണ് താമസമൊരുക്കിയത്.
സാധാരണ കണ്ടുവരുന്നതിൽ നിന്നും വ്യത്യസ്‌തമായി മെഡിക്കൽ സംഘത്തെ തന്നെ ഇത്തവണ ഒളിംപിക്‌സിനായി സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌പോർട്‌സ് സയൻസ് ഡോക്‌ടറാണ് ഈ സംഘത്തെ നയിക്കുന്നത്. ഡോക്‌ടർമാർക്ക് പുറമെ ഫിസിയോ, ന്യൂട്രീഷ്യനിസ്റ്റ്, തെറാപ്പിസ്റ്റുകൾ എന്നിവരും സംഘത്തിലുണ്ട്. ഒപ്പം താരങ്ങളുടെ മാനസിക സംഘർഷങ്ങളും പിരിമുറക്കങ്ങളും കൈകാര്യം ചെയ്യുന്ന വിദഗ്‌ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
താരങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ താരങ്ങൾക്ക് പ്രത്യേക റിക്കവറി സെന്‍ററുകളും സജ്ജമാണ്. കൂടാതെ ‘ഇന്ത്യ ഹൗസ് ഇന്‍ പാരിസ്’ എന്ന പേരില്‍ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്. ഒളിംപിക് അസോസിയേഷനും റിലയൻസും കൂടി ചേർന്നുകൊണ്ടാണ് പവലിയൻ സജ്ജമാക്കിയത്. ആദ്യമായാണ് ഇത്തരത്തിൽ ഇന്ത്യ ഹൗസ് നിലവിൽ വരുന്നതെന്നും പി ടി ഉഷ വ്യക്തമാക്കി.
Be the first to comment