ഓം ബിർള ലോക്സഭാ സ്പീക്കർ

ഡല്‍ഹി: 18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിർള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് കോൺ​ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂൽ പിന്തുണ നൽകിയപ്പോള്‍ ഓം ബിർളയ്ക്ക് വൈഎസ്ആർ കോൺ​ഗ്രസ് പിന്തുണ നൽകി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. സുമിത്ര മഹാജന് ശേഷം 2019 ല്‍ ആദ്യമായി ലോക്സഭാ സ്പീക്കറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചേമ്പറിലേക്ക് ആനയിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ളയെ അഭിനന്ദിച്ചു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്ന് മോദി പറഞ്ഞു.

നവാഗത എംപിമാര്‍ക്ക് ഓം ബിര്‍ള പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടാം തവണ സ്പീക്കറാകുന്ന രണ്ടാമത്തെയാളാണ് ഓം ബിര്‍ള. നേരത്തെ ബെല്‍റാം ജാക്കറാണ് രണ്ട് തവണ ലോക്സഭാ സ്പീക്കറായിരുന്നത്. സ്പീക്കറുടെ ചുമതല കഠിനമാണ്. ഇത് ഭംഗിയായി നിർവഹിക്കാനാകും എന്ന് ഓം ബിർള തെളിയിച്ചതാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ പോലെ സഭ നയിക്കാനാകട്ടെയെന്നും ലോകത്തിന് മുമ്പിൽ ഇന്ത്യൻ ജനാധിപത്യം മാതൃകയാകട്ടെയെന്നും മോദി ആശംസിച്ചു.

രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് ഓം ബിര്‍ള ലോക്സഭയിലെത്തുന്നത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 17ാം ലോക്സഭയില്‍ 146 എംപിമാരെ സസ്പെഡ് ചെയ്ത ഓം ബിര്‍ളയുടെ നടപടി വിവാദമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. മഹുവ മൊയ്ത്രയ്ക്കെതിരായ നടപടിക്ക് അനുമതി നല്‍കിയത് ഓം ബിര്‍ളയായിരുന്നു.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളക്കെതിരായി മത്സരിക്കാൻ ഇൻഡ്യ മുന്നണി തീരുമാനിച്ചത്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ൽ അടിയന്തരാവസ്ഥ സമയത്താണ്. വർഷങ്ങൾക്ക് ശേഷം പതിനെട്ടാമത് ലോക്സഭയിലാണ് മൂന്നാമതൊരു മത്സരം നടക്കുന്നത്. നേരത്തെ മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ് ഇൻഡ്യ സഖ്യനേതാക്കളെ കണ്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*