അടിയന്തരാവസ്ഥയ്‌ക്കെതിരായ സ്പീക്കറിന്റെ പ്രമേയം, പ്രതിഷേധവുമായി കോൺഗ്രസ്; പോർമുഖം തുറന്ന് ഓം ബിർല

പതിനെട്ടാം ലോക്സഭയിൽ സ്പീക്കറായി ചുമതലയേറ്റതിന് പിന്നാലെ നാടകീയ രംഗങ്ങൾക്ക് തുടക്കമിട്ട് ഓം ബിർല. സഭാനാഥനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അടിയന്തരാവസ്ഥയെ കുറിച്ച് പ്രമേയം അവതരിപ്പിച്ച ഓം ബിർലയുടെ നടപടി പ്രതിപക്ഷ പ്രതിഷേധത്തിന് വഴിയൊരുക്കി. അടിയന്തരാവസ്ഥ വിഷയത്തിൽ പ്രതിപക്ഷ നിരയിൽ ഭിന്നത ഉണ്ടാക്കാനും പ്രമേയത്തിലൂടെ ഓം ബിർലയ്ക്ക് കഴിഞ്ഞു.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നടപടി ഭരണ ഘടനയോടുള്ള വെല്ലുവിളിയാണ് എന്ന് പരാമർശിക്കുന്നതായിരുന്നു ഓം ബിർല അവതരിപ്പിച്ച പ്രമേയം. ഇതോടെ, പതിനെട്ടാം ലോക്സഭയിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനുള്ള പോർമുഖം കൂടിയായിരുന്നു ഓം ബിർല തുറന്നത്.

‘1975 ജൂൺ 25 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അറിയപ്പെടും, ഈ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ബാബാസാഹെബ് അംബേദ്കർ നിർമ്മിച്ച ഭരണഘടനയെ ആക്രമിക്കുകയും ചെയ്തത്. 1975 ലെ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ നടപടിയെ ഈ സഭ ശക്തമായി അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിർക്കുകയും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോരാടുകയും നിറവേറ്റുകയും ചെയ്ത എല്ലാവരുടെയും ദൃഢനിശ്ചയത്തെ സഭ അഭിനന്ദിക്കുന്നു. ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങൾ എല്ലാകാലത്തും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംവാദങ്ങൾ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു രാജ്യത്ത് ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യം അടിച്ചേൽപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ തകർക്കപ്പെടുകയും സ്വാതന്ത്ര്യം തടസപ്പെടുകയും ചെയ്തു.’ എന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓം ബിർലയുടെ പരാമർശം.

എന്നാൽ, അടിയന്തരാവസ്ഥയെ കുറിച്ചുള്ള പ്രമേയത്തിനെതിരെ ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് മാത്രമായിരുന്നു എതിർത്തത്. സ്പീക്കർ പ്രമേയം അവതരിപ്പിച്ചപ്പോൾ പ്രതിഷേധിക്കാനും കോൺഗ്രസ് അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിപിഎം ഡിഎംകെ അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായില്ല. രണ്ട് മിനിറ്റ് മൗനം ആചരിച്ചപ്പോഴും കോൺഗ്രസ് അംഗങ്ങൾ മാത്രമായിരുന്നു പ്രതിഷേധിച്ചിരുന്നത്. കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ നിർത്തിവയ്ക്കുകയും ചെയ്തു.

ലോക്‌സഭയിൽ അടിയന്തിരാവസ്ഥയെ കുറിച്ചുള്ള പ്രമേയത്തിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത് എത്തി. പ്രമേയാവതരണം ആവശ്യമായിരുന്നില്ലെന്നും. 49 വർഷം മുമ്പ് നടന്ന കാര്യമാണിതെന്നും ശശി തരൂർ പറഞ്ഞു. സഹകരണത്തിന്റെയും സമവായത്തിന്റെയും സന്ദേശം നൽകേണ്ട ഒരു ദിവസത്തിൽ ഇത്രയും ദൂരം പുറകിലേക്ക് പോകേണ്ടി വന്നെങ്കിൽ, അത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സഭയ്ക്ക് പുറത്തും അടിയന്തരാവസ്ഥ ചർച്ചയാക്കാൻ പ്രമേയത്തിലൂടെ കഴിഞ്ഞെന്നാണ് ശേഷമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ലോക്സഭാ കവാടത്തിൽ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച കാഴ്ചയും പിന്നീടുണ്ടായി. ഇതിനിടെ, സ്പീക്കറുടെ പ്രമേയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മന്ത്രിമാരും രംഗത്തെത്തി. അടിയന്തരാവസ്ഥയെ സ്പീക്കർ ശക്തമായി അപലപിച്ചതിലും ജനാധിപത്യത്തെ ഞെരിച്ചു കൊന്ന രീതിയെക്കുറിച്ചും സ്പീക്കർ പരാമർശിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു മോദിയുടെ പരാമർശം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*