ഒമർ ലുലു ചിത്രം ‘നല്ല സമയം’ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു

ഒമര്‍ ലുലു  സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ല സമയം’ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഒമര്‍ ലുലു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തിനെതിരെ കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കേസ് എടുത്തിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിലായിരുന്നു കേസ് എടുത്തത്. കേരള അബ്കാരി, എന്‍ഡിപിഎസ് നിമയങ്ങള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അടുത്തിടെ പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങളാണ് മുഴുനീളമുണ്ടായിരുന്നത്. എംഡിഎംഎയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേയ്ക്ക് നയിച്ചത്. 

സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു. ഒരു കംപ്ലീറ്റ് ഫണ്‍ ജോണറില്‍ എത്തുന്ന ചിത്രത്തില്‍ ഇര്‍ഷാദ് ആണ് നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ച് പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ അടക്കമുള്ള താരങ്ങള്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. 

നവാഗതനായ കലന്തൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ത്ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*