സ്വാതന്ത്ര്യ ദിനത്തിൽ താജ്മഹലിൽ ഒഴികെ, എല്ലാ ചരിത്ര സ്മാരകങ്ങളിലും ത്രിവർണം തെളിയും

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും ഓഗസ്റ്റ് 15ന് ത്രിവർണ വെളിച്ചവിസ്മയം തെളിയും. 150 ചരിത്ര സ്മാരകങ്ങളാണ് അന്നേ ദിവസം ത്രിവർണശോഭയിൽ വർണാഭമാകുക. എന്നാൽ താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. രാത്രിയിൽ താജ്മഹലിൽ ഒരു വെളിച്ചവും പാടില്ലെന്ന സുപ്രീം കോടതി നിർദ്ദേശം പരിഗണിച്ചാണ് കേന്ദ്രം താജ്മഹലിനെ മാത്രം ഒഴിവാക്കിയത്.

1997 മാർച്ച് 20ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത പരിപാടിക്ക് വേണ്ടിയായിരുന്നു അവസാനമായി താജ്മഹലിൽ ലൈറ്റിംഗ് നടത്തിയത്.  എന്നാൽ തൊട്ടടുത്ത ദിവസം താജ്മഹലിൽ നിറയെ ചത്ത പ്രാണികൾ കാണപ്പെട്ടു. ഇത് താജ്മഹലിലെ മാർബിളിന് കേടുപാടുകൾ വരുത്തിയതിനെ തുടർന്ന് പുരാവസ്തു വകുപ്പിന്റെ രാസപരിശോധനാ വിഭാഗം താജ്മഹലിൽ രാത്രിയിൽ വെളിച്ചവിന്യാസം നടത്തരുതെന്ന് നിർദേശിച്ചു. അന്ന് ഏർപ്പെടുത്തിയ വിലക്ക് ഇന്നുവരെ നീക്കിയിട്ടില്ല.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2023 ഓഗസ്റ്റ് 15 വരെ നീളുന്ന ‘ആസാദി കാ അമൃത മഹോത്സവ്’ എന്ന പേരിൽ വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*