
ചെന്നൈ: ഇറങ്ങി ഒരു വാരം ആകുമ്പോഴും തീയറ്ററില്‍ ആളെ നിറയ്ക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. വലിയ താരനിരയില്ലാതെ എത്തിയ ചിത്രം എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറാന്‍ പോവുകയാണ്. 50 കോടി ആകെ കളക്ഷന്‍ കഴിഞ്ഞ് കുതിക്കുന്ന ചിത്രം 100 കോടി കടക്കും എന്നാണ് സോഷ്യല്‍ മീഡിയ ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
അതേ സമയം കേരളത്തിന് പുറത്തും ‘മഞ്ഞുമ്മല്‍ ബോയ്സ്’ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. തമിഴില്‍ ഇതിനകം തന്നെ ചിത്രം ഹിറ്റായി മാറിയിട്ടുണ്ട്. ചിത്രത്തിന് തമിഴ്നാട്ടില്‍ മാത്രം 200ലേറെ ഷോകളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് ഇതിനകം മാറിയിട്ടുണ്ട്.
കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും വരാത്ത ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നുവെന്നും. പരീക്ഷ സീസണില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഹൈപ്പാണ് ഇതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഏറ്റവും പുതിയ അപ്ഡേറ്റില്‍ ചെന്നൈയില്‍ മാത്രം ശനിയാഴ്ച 269 ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെതായി നടക്കുന്നത്. അതില്‍ മള്‍ട്ടിപ്ലെക്സുകളിലും മറ്റും ഇതിനകം പലഷോകളും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ബുക്ക് മൈ ഷോ, പേടിഎം പോലുള്ള സൈറ്റുകളില്‍ കാണിക്കുന്നത്. ചെന്നൈയിലെ മാത്രം അവസ്ഥയാണ് ഇത്. മറ്റ് നഗരങ്ങളിലും ഇതേ അവസ്ഥ തുടരുകയാണ്.
Be the first to comment