
ബംഗളൂരു: പ്രതീക്ഷകള്‍ കൈവിടുന്നു, ഏഴാം ദിവസവും അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വിഫലം. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇന്നും അര്‍ജുനും ലോറിയും എവിടെയെന്നു കണ്ടെത്താനായില്ല.
ലോറി കരയില്‍ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും. പ്രദേശത്ത് റെഡ് അലേര്‍ട്ട് ആണ്. മഴ പെയ്യുന്നതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കരയിലെ തിരച്ചില്‍ സൈന്യം പൂര്‍ണമായും അവസാനിപ്പിച്ചതായി കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ റഡാറില്‍ സിഗ്‌നല്‍ ലഭിച്ച മൂന്നിടത്തും ലോറി ഉണ്ടായിരുന്നില്ല. കരയില്‍ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു.
ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും അര്‍ജുനു വേണ്ടിയുള്ള നാളത്തെ തിരച്ചില്‍. ഇതിനായി ആധുനിക സംവിധാനങ്ങളടക്കം എത്തിക്കും. എന്‍ഡിആര്‍എഫില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുമെത്തും.
പുഴയില്‍ രണ്ട് മണല്‍തിട്ടകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് മണ്ണിടിച്ചിലിന്റെ ഭാഗമായി ഉണ്ടായതാകാം എന്നാണ് കരുതുന്നത്. ഇവ കേന്ദ്രീകരിച്ചും പരിശോധന നടത്തും. ആധുനിക സംവിധാനങ്ങളോട് കൂടിയ റഡാറുകളുള്‍പ്പെടെ എത്തിച്ചിട്ടുണ്ട്. ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്ന് സതീഷ് സെയില്‍ വ്യക്തമാക്കി. അതേസമയം അപകടം നടന്നതിന്റെ ഏഴു കിലോമീറ്റര്‍ അകലെ പുഴയില്‍ കൂടി ഒഴുകിപ്പോയ ടാങ്കറിന്റെ ദൃശ്യങ്ങളും ഇത് കരയ്ക്കടുപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ദിവസങ്ങള്‍ മുമ്പുള്ള ദൃശ്യമാണ് ഇത്. മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ ഒഴുകിപ്പോയതാണെന്നാണ് ലഭിക്കുന്ന വിവരം.
Be the first to comment