അമ്പതാം വിവാഹ വാർഷികദിനത്തിൽ ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി ഭൂമി നൽകി ദമ്പതികൾ. കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസും സെലിനുമാണ് ഭൂരഹിതർക്ക് വീടുവെക്കാനായി 24 സെൻ്റ് സ്ഥലം നൽകിയത്. കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ വസ്തുവിന്റെ ആധാരങ്ങൾ ഏഴ് കുംബങ്ങൾക്ക് കൈമാറി.
ഏഴ് കുടുംബങ്ങൾക്കാണ് 71 കാരനായ ലൂക്കോസും 66കാരിയായ സെലിനും വിവാഹ വാർഷിക ദിനത്തിൽ സഹായമൊരുക്കിയത് . ജനുവരി 15 നായിരുന്നു ഇവരുടെ വിവാഹം വാർഷികം. ഇത്തരത്തിൽ സ്വന്തമായി ഭൂമിയില്ലാത്തവരെ ചേർന്നു പിടിക്കാൻ തീരുമാനിച്ചതും ഇതേ ദിവസമായിരുന്നു. മക്കളും ദമ്പതികളുടെ ആഗ്രഹത്തെ പിന്തുണച്ചു.
വര്‍ഷങ്ങള്‍ക്കു മുന്പ് 18 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാൻ കൂത്താട്ടുകുളം നഗരസഭയിലെ സൗത്ത് ചോരക്കുഴി ഭാഗത്ത് ലൂക്കോസ് സൗജന്യമായി സ്ഥലം നല്‍കിയിരുന്നു. ലൂക്കോസിന്‍റെ മാതാവ് ഏലിയാമ്മ ജോസഫിന്‍റെ സ്മരണയ്ക്കാണ് പദ്ധതി നടപ്പാക്കിയത്. ഇതിനോടു ചേര്‍ന്ന് എംസി റോഡില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെയുള്ള 24 സെന്‍റ് ഭൂമിയിലാണ് പുതിയതായി ഏഴു കുടുംബങ്ങള്‍ക്ക് മൂന്നു സെന്‍റ് വീതം നല്‍കുന്നത്. ബാക്കിയുള്ള മൂന്നു സെന്‍റ് പൊതു ഉപയോഗത്തിനായി നീക്കിവച്ചിരിക്കുന്നത്. മാതൃകാ കർഷക ദമ്പതികൾ കൂടിയാണ് ലൂക്കോസും സെലിനും. ഇലഞ്ഞി റബ്ബർ ഉദ്പാദക സംഘത്തിന്റെ പ്രസിഡന്റാണ് ലൂക്കോസ്.
Be the first to comment