25 കോടി നേടുന്ന ആ ഭാഗ്യവാൻ ആരായിരിക്കും? അത് അറിയാൻ ഇനി വെറും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് മാത്രം. നറുക്കെടുപ്പ് സമയം വരെയും ഭാഗ്യ പരീക്ഷണത്തിനായി ലോട്ടറി വാങ്ങാം. ആവശ്യക്കാർ വർദ്ധിച്ചതിനാൽ ഇന്ന് രാവിലെ 10 മണി വരെ ഏജൻറുമാർക്ക് ജില്ലാ ലോട്ടറി ഓഫിസിൽ നിന്ന് ലോട്ടറി വാങ്ങാൻ അവസരമുണ്ട്.
25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പർ നറുക്കെടുപ്പ് ഇന്നാണ്. ഈ വർഷം റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് രണ്ട് മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുക്കുക. നറുക്കെടുപ്പിന് തൊട്ട് മുമ്പ് വരെയും ബമ്പർ ലോട്ടറി വാങ്ങാൻ അവസരമുണ്ട്.
ഓണം ബമ്പറിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് ആണ് ഇത്തവണ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്. കഴിഞ്ഞവർഷം 66 .5 ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നു. ഇന്നത്തെ വില്പനയുടെ കണക്ക് കൂടി വരുന്നതോടെ കഴിഞ്ഞ വർഷത്തെക്കാൾ ഒൻപത് ലക്ഷം ടിക്കറ്റുകൾ അധികമായി വിൽക്കാൻ സാധിക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ഇത്തവണ ഒരാൾക്ക് മാത്രമല്ല ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ അവസരമുള്ളത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്കാണ് ലഭിക്കുക. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. ആകെ 5,34,670 പേർക്ക് ഓണം ബമ്പർ സമ്മാനങ്ങള്‍ ലഭിക്കും വിധമാണ് സമ്മാന ഘടന.
Be the first to comment