ഓണം ബംബര്‍ ലോട്ടറി വിൽപ്പന റെക്കോർഡ് വേ​ഗത്തിൽ; ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറികൾ റെക്കോർഡ് വേ​ഗത്തിലാണ് വിൽപ്പന നടക്കുന്നത്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. സബ് ഓഫീസുകളിലേതുള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റത്. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.

കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി ബോധവത്കരണ പ്രചാരണം വകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലും അഞ്ചും സമ്മാനങ്ങളായി യഥാക്രമം 5 ലക്ഷം, 2 ലക്ഷം, അവസാന സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.

വ്യാജ ലോട്ടറി വില്‍പ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ നിന്ന് ടിക്കറ്റെടുത്ത കോയമ്പത്തൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം തിരുവനന്തപുരം സ്വദേശിക്കാണ് ലോട്ടറിയടിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*