ആഗസ്റ്റ് 27 നുള്ളിൽ മുഴുവൻ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണ ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ മുതൽ കിറ്റ് വിതരണം ആരംഭിക്കും.
മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും. സ്‌കൂളുകളിലെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. ഓണ കിറ്റിന് അർഹരായവർ അതാത് റേഷൻ കടകളിൽ നിന്ന് വാങ്ങാൻ പരമാവധി ശ്രമിക്കണം. നിലവിൽ ഈ രീതിയിലാണ് വിതരണത്തിനുള്ള ക്രമീകരണം. ഇതിന് കഴിയാത്തവർക്ക് സൗകര്യപ്രദമായ മറ്റ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും.
62 ലക്ഷം കുടുംബങ്ങൾ ഓണത്തിനുള്ള സ്‌പെഷ്യൽ അരി റേഷൻ കടകളിൽ നിന്നും ഇതിനകം വാങ്ങിയെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യവിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് മൂന്ന് അവധി ദിനങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് പ്രവർത്തിക്കും. ഇതിന് പകരമായി ഓണത്തിന് ശേഷം അവധി അനുവദിക്കും.
Be the first to comment